കിംഗ്സ്റ്റണ്‍: വർണവെറിയെന്ന വിപത്തിനെതിരെ സമൂഹം ഒന്നടങ്കം രംഗത്തുവരാത്തിടത്തോളം കായികരംഗത്തെ വർണവെറിക്കെതിരായ നിയമങ്ങൾ മുറിവിൽ പ്ലാസ്റ്ററിടുന്നതിനു തുല്യമാണെന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം മൈക്കൽ ഹോൾഡിംഗ്.
കൊറോണ അല്ല വംശീയതയാണ് ഇപ്പോൾ ലോകത്തിലുള്ള മാറാരോഗമെന്ന് ഇംഗ്ലീഷ് ഫുട്ബോളർ റഹീം സ്റ്റെർലിംഗും പറഞ്ഞു. എല്ലാ കാലത്തും ഉള്ള മഹാമാരിയാണ് വംശീയത. കൊറോണയെപ്പോലെ ഇതിനെയും അവസാനിപ്പിക്കാൻ മാർഗം കണ്ടെത്തണമെന്നും സ്റ്റെർലിംഗ് കൂട്ടിച്ചേർത്തു.
അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ളോയ്ഡ് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതോടെ വർണവെറിക്കെതിരെ ലോകത്തെന്പാടും നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഹോൾഡിംഗ്, സ്റ്റെർലിംഗ് എന്നിവരുടെ പ്രതികരണം.
നിങ്ങൾ വർണവെറിക്കിരയാകും. ക്രിക്കറ്റ് മൈതാനത്തും ഫുട്ബോൾ മൈതാനത്തുമെല്ലാം ആളുകൾ അലറിവിളിക്കും. വർണവെറി ഇല്ലാതാക്കാൻ നിങ്ങൾ നേരിടേണ്ടത് സമൂഹത്തെയാണ്. ഈ സമൂഹത്തിൽനിന്നുള്ള ജനങ്ങൾതന്നെയാണ് മൈതാനങ്ങളിൽ പോയി വർണവെറി മുദ്രാവാക്യങ്ങൾ മുഴക്കുന്നതും ആളുകളെ അധിക്ഷേപിക്കുന്നതും.
അത്തരത്തിലുള്ള കാര്യങ്ങൾ സമൂഹത്തിൽവച്ചുതന്നെ തടയാൻ സാധിക്കണം. വിവേചനം അംഗീകരിക്കാനാവില്ലെന്ന തിരിച്ചറിവ് സമൂഹത്തിനുള്ളിൽ ഉണ്ടായിരിക്കണം. മൈതാനത്ത് പ്രവേശിക്കുന്നതിന് നിയമങ്ങളും ചട്ടങ്ങളുമുണ്ട്. അവയാകട്ടെ ’മുറിവിൽ പ്ലാസ്റ്ററിടുന്നത്’ പോലെയാണ്- ഹോൾഡിംഗ് പറഞ്ഞു.
വിൻഡീസ് ക്രിക്കറ്റ് താരങ്ങളായ ക്രിസ് ഗെയ്ൽ, ഡാരൻ സമി, ഇംഗ്ലീഷ് ഫുട്ബോൾ താരങ്ങളായ ജഡൻ സാഞ്ചോ, റഹീം സ്റ്റെർലിംഗ്, മാർക്കസ് തുറാം, ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, നവോമി ഒസാക്ക, കൊക്കോ ഗഫ്, എഫ് വണ്‍ ഡ്രൈവർ ലൂയിസ് ഹാമിൽട്ടണ് തുടങ്ങിയവർ ഇതിനോടകം വംശീയ അധിക്ഷേപത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.