നെടുങ്കണ്ടം: നെടുങ്കണ്ടത്ത് രാത്രിയില്‍ സാമൂഹ്യവിരുദ്ധരുടെ അതിക്രമം രൂക്ഷമായി. അതിഥിത്തൊഴിലാളികൾക്കു നേരെയാണ് അതിക്രമമുണ്ടായത്.
ആക്രമണം ഭയന്ന് കഴിഞ്ഞ രാത്രി അതിഥിത്തൊഴിലാളികളായ രണ്ട് സഹോദരിമാര്‍ വിറക് സൂക്ഷിക്കുന്ന സ്ഥലത്ത് മൂന്ന് മണിക്കൂറോളം ഒളിച്ചിരിക്കേണ്ടി വന്നു.
അമ്പലപ്പാറയിലാണ് സംഭവം. മധ്യപ്രദേശ് ജബല്‍പൂര്‍ സ്വദേശിനികളായ നേഹ, നീലു എന്നിവരാണ് ഉപദ്രവിക്കാനെത്തിയ നാലംഗ സംഘത്തെ ഭയന്ന് വീടിനകത്തുള്ള അടുപ്പിനു താഴെ ഒളിച്ചിരുന്നത്.
ഇന്നലെ അർധരാത്രിയോടെയാണ് നാലംഗ സംഘം ഇവരുടെ വീട്ടില്‍ അതിക്രമിച്ചു കയറിയത്.
അമ്മ ജ്യോതി, സഹോദരൻ അങ്കിത് എന്നിവർക്കൊപ്പമാണ് ഇവര്‍ അമ്പലപ്പാറയില്‍ വാടകവീട്ടിൽ താമസിക്കുന്നത്.
അമ്പലപ്പാറയില്‍ സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്ത തോട്ടത്തിലെ ജോലിക്കാരാണിവർ. അമ്മയും സഹോദരനും പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി ഒരാഴ്ച മുമ്പ് ജബല്‍പൂരിലേക്ക് പോയിരുന്നു.
ഇതോടെ പെണ്‍കുട്ടികള്‍ ഒറ്റയ്ക്കാണെന്നറിഞ്ഞെത്തിയ നാല്‍വര്‍സംഘമാണ് വീടിനുള്ളിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത്.
വീടിനു മുന്നിലെത്തിയ സംഘം പിന്‍വശത്തെ ഷെഡ് തകര്‍ത്തശേഷം കതക് ചവിട്ടിപ്പൊളിച്ച് അകത്തു കയറാൻ ശ്രമിച്ചു.
ഇതോടെയാണ് ഭയന്നുവിറച്ച സഹോദരിമാര്‍ അടുപ്പിനുതാഴെ ഒളിച്ചത്. രാത്രി ഒന്നോടെ എത്തിയ സാമുഹിക വിരുദ്ധര്‍ പുലര്‍ച്ചെ മൂന്നിനാണ് മടങ്ങിയത്.
രാവിലെതന്നെ നേഹയും നീലുവും സ്ഥലമുടമയെ വിവരം അറിയിച്ചു. തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ പരാതിയും നല്കി. സംഭവത്തെക്കുറിച്ച് നെടുങ്കണ്ടം പോലീസ് അന്വേഷണം ആരംഭിച്ചു.
മൂന്നു മാസം മുമ്പ് ഇതേ സ്ഥലത്ത് പ്രദേശവാസിയായ ജയാഭവനില്‍ രതീഷിന്റെ ബൈക്ക് സാമുഹ്യവിരുദ്ധര്‍ കത്തിച്ചിരുന്നു.
രതീഷിന്റെ സ്ഥലത്താണ് മധ്യപ്രദേശ് സ്വദേശികളായ കുടുംബം ജോലി ചെയ്യുന്നത്. രണ്ട് സംഭവങ്ങളെക്കുറിച്ചും അന്വേഷണം നടത്തണമെന്നും പ്രദേശത്തെ സാമൂഹ്യവിരുദ്ധശല്യം അവസാനിപ്പിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.