കാർട്ടൂൺ കഥാപാത്രമായ മിക്കി മൗസിനെ ഇഷ്ടമില്ലാത്തവരായി ആരുമില്ല. മിക്കി പൂച്ചയുടെ പ്രധാന ആകർഷണീയത എന്തെന്നാൽ ഉയർന്നുനിൽക്കുന്ന കൂർത്ത ചെവികളാണ് . എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മിക്കി പൂച്ചയോടുള്ള ഇഷ്ടം കാരണം ചൈനയിലുള്ള പൂച്ച വളര്‍ത്തുകാര്‍ അവരുടെ പൂച്ചകളുടെ ചെവി “മിക്കി ഇയർ” ആക്കി മാറ്റുന്നതിനായി കോസ്മെറ്റിക് സർജറി നടത്തുന്നത് വർധിച്ച് വരികയാണെന്ന് സൂചിപ്പിക്കുന്നു.
അതേസമയം, മൃഗ വിദഗ്ധർ പറയുന്നത് പ്ലാസ്റ്റിക് സർജറിയിലൂടെ പൂച്ചകളുടെ ചെവികളുടെ ആകൃതി മാറ്റാൻ ശ്രമിക്കുന്നത് വഴി അവയ്ക്ക് സഹിക്കാൻ കഴിയുന്നതിലും അധികമായ വേദനയാണ് അനുഭവിക്കേണ്ടി വരുന്നതെന്നാണ്.
ചൈനീസ് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ അനുസരിച്ച് ചൈനയിലെ നിരവധി പെറ്റ് ക്ലിനിക്കുകളിൽ ഇത്തരത്തിൽ “മിക്കി ഇയർ” പ്ലാസ്റ്റിക് സർജറി പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള പരസ്യ ബോർഡുകൾ പ്രദർശിപ്പിച്ചതായി പറയുന്നു. വൻ ഓഫറുകളാണ് ഉടമകളെ ആകർഷിക്കുന്നതിനായി പലരും വാഗ്ദാനം ചെയ്യുന്നതും.
രണ്ടു ഭാഗങ്ങളാണ് പൂച്ചകൾക്കായുള്ള ഈ കോസ്മെറ്റിക് സർജറിക്ക് ഉള്ളത്. പൂച്ചകളുടെ ചെവിയുടെ അഗ്രഭാഗം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് ആദ്യഘട്ടത്തിൽ. അരമണിക്കൂറോളം നീണ്ടുനിൽക്കുന്ന ഈ ശസ്ത്രക്രിയയ്ക്ക് അനസ്തെറ്റിക് ആവശ്യമാണ്. ചെവികൾ നിവർന്നുനിൽക്കാൻ പാകത്തിന് രൂപപ്പെടുത്തുന്നതാണ് രണ്ടാമത്തെ സ്റ്റൈലിംഗ് ഘട്ടത്തിൽ. 20 മുതൽ 60 ദിവസം വരെ ഇതിന് എടുക്കുന്നു.
ഈ ശസ്ത്രക്രിയയ്ക്ക് ചൈനയിൽ നിലവിൽ നിയമപരമായ നിയന്ത്രണങ്ങളൊന്നുമില്ല. എന്നാൽ മൃഗ വിദഗ്ധർ ഇതൊരു ധാർമിക പ്രശ്നമായി കരുതി നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് ആവശ്യപ്പെടുന്നത്. സോഷ്യൽ മീഡിയയിലും മിക്കി ഇയര്‍ സര്‍ജറി വ്യാപകമായതിന് പിന്നാലെ വിമർശനമാണ് ഉയർന്നുവരുന്നത്.