മാനന്തവാടി: മകന് പുറകേ ബുള്ളറ്റിൽ കാഷ്മീർ കാണാൻ യാത്രതിരിച്ച് രക്ഷിതാക്കൾ. മാനന്തവാടി വിൻസെന്റ്ഗിരി മണ്ടിയപ്പുറം 63 കാരനായ കുഞ്ഞാലിയും ഭാര്യ ഹാജിറയുമാണ് ബുളളറ്റിൽ കാഷ്മീരിലേക്ക് തിരിച്ചത്.
പ്രവാസിയായ മകൾ നിഷാദ് കഴിഞ്ഞ മാസം നാട്ടിലെത്തിയപ്പോൾ ഇന്ത്യയിലെ 18 സംസ്ഥാനങ്ങൾ ബുള്ളറ്റിൽ ചുറ്റിസഞ്ചരിച്ചിരുന്നു.
മകൻ ബുള്ളറ്റിൽ കറങ്ങിയ ത്രില്ലിൽ പിതാവ് കുഞ്ഞാലിയും 58 കാരിയായ ഭാര്യ ഹാജിറയും ബുള്ളറ്റിൽ കാഷ്മീരിലേക്ക് തിരിച്ചു കഴിഞ്ഞു. പ്രായത്തിന്റെ വിഷമതയൊന്നും ഇരുവർക്കും യാത്രയ്ക്ക് ഒരു തടസവുമില്ല.
45 ദിവസം എടുത്താണ് ഇവർ കാഷ്മീരിൽ എത്തുക. മാനന്തവാടിയിൽ ബുള്ളറ്റ് വർക്ക് ഷോപ്പ് നടത്തുകയും നിരവധി തവണ ബുള്ളറ്റിൽ ഇന്ത്യ ചുറ്റി കണ്ട പ്രദീപ്, കുഞ്ഞാലിയുടെ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു.
യാത്ര ഒരു ഉണർവാകുമെന്ന് ഇരുവരും പറഞ്ഞു. കുഞ്ഞാലിയേയും ഹാജിറയേയും യാത്രയാക്കാൻ ബന്ധുക്കളടക്കം നിരവധി പേർ എത്തിയിരുന്നു.
പ്രായം തളർത്തിയില്ലെങ്കിൽ ഇനിയും ഇത്തരം യാത്രകൾ നടത്തുമെന്നും ഇരുവരും പറഞ്ഞു.