ഓട്ടോസ്പോട്ട് /അജിത് ടോം
ഇന്ത്യൻ നിരത്തുകളിൽ വളരെ വൈകിയാണ് ജാപ്പനീസ് വാഹനനിർമാതാക്കളായ നിസാൻ സാന്നിധ്യമറിയിക്കുന്നത്. എങ്കിൽതന്നെ ആ വരവ് പൂർണ വിജയവും ഏവരും ഏറ്റെടുത്ത ഒന്നായിരുന്നു എന്നും ഉറപ്പിച്ചു പറയാനാവില്ല. പക്ഷേ, നിസാൻ സണ്ണി, മൈക്ര തുടങ്ങിയ മോഡലുകൾ മെച്ചപ്പെട്ട വരവേൽപ്പ് ലഭിച്ചവയാണ്. ഇന്ത്യൻ വിപണിയുടെ കുതിപ്പിന്റെ ഭാഗമാകുന്നതിനായി ജാപ്പനീസ് കന്പനിയായ നിസാനും ഫ്രഞ്ച് വാഹനനിർമാതാക്കളായ റെനോയും ഒന്നിച്ചതിനു പിന്നാലെ ജനപ്രിയ മോഡലുകൾ കൂടുതൽ ആകർഷകമാക്കുന്നതിനുള്ള ശ്രമങ്ങൾ ഉൗർജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്ത്യൻ നിരത്തിൽ ഇന്നു കടുത്ത മത്സരം നേരിടുന്ന പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ നിസാന്റെ സംഭാവനയായ മൈക്ര അല്പംകൂടി മെച്ചപ്പെടുത്തി പുറത്തിറക്കിയത്. മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടായി ഗ്രാന്റ് ഐ10, ഹോണ്ട ജാസ് തുടങ്ങിയ കരുത്തരോടു മത്സരിക്കാൻ വീണ്ടുമെത്തുന്ന മൈക്രയുടെ വിശേഷങ്ങളിലേക്ക്…
പുറംമോടി: മുൻ മോഡലുകളിൽനിന്നു കാര്യമായ മാറ്റങ്ങൾ ഒന്നും മൈക്രയുടെ ലുക്കിൽ വരുത്തിയിട്ടില്ല. ഹണികോന്പ് ഡിസൈനിൽ ഫൈബറിൽ തീർത്ത ചെറിയ ഗ്രില്ലും അതിൽ നിസാൻ ലോഗോയോടൊപ്പമുള്ള യു ആകൃതിയിലുള്ള ക്രോം ലൈനും ചേർത്താണ് മുൻഭാഗം അലങ്കരിച്ചിരിക്കുന്നത്. ഫോഗ് ലാന്പിനു ചുറ്റും ക്രോം ആവരണം ഏതു നിറത്തിനും യോജിക്കുന്നതാണ്. ടെക്നോളജിയിൽ മറ്റ് എതിരാളികളേക്കാൾ ഒരുപടി മുന്നിലാണ് മൈക്ര. റെയിൻ സെൻസിംഗ് വൈപ്പറുകളും ഓട്ടോമാറ്റിക് ഹെഡ്ലാന്പും മൈക്രയെ മറ്റുള്ളവയിൽനിന്നു വ്യത്യസ്തമാക്കുന്നു.
വശങ്ങളിൽ ബ്ലാക്ക് ഫിനീഷിംഗ് ബി പില്ലറും താഴെ ഇരുഡോറിലേക്കും നീളുന്ന രേഖയ്ക്കുമൊപ്പം 14 ഇഞ്ച് എട്ട് സ്പോക് അലോയ് വീലുകളും നല്കിയിട്ടുണ്ട്.
എൽഇഡി ടെയിൽ ലാന്പുകളാണ് വാഹനത്തിനുള്ളത്. ഇതിനു പുറമേ ബാക്ക് സ്പോയിലറിലും എൽഇഡി ബ്രേക്ക് ലൈറ്റുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഹാച്ച്ഡോറിന്റെ മധ്യഭാഗത്ത് ക്രോം ഫിനീഷിംഗ് ലോഗോയും നല്കിയിരിക്കുന്നു.
ഉൾവശം: ഭൂരിഭാഗം മാറ്റങ്ങളും ഇന്റീരിയറിൽ ആണെന്നു നിസംശയം പറയാം. കാരണം, സെന്റർ കണ്സോൾ മുതൽ ഈ മാറ്റം പ്രകടമാണ്. ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിൽ കൂടുതൽ സംവിധാനങ്ങൾ ചേർത്തിട്ടുണ്ട്. എസി വെന്റുകളുടെ താഴെയാണ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ സ്ഥാനം. ഇതിൽ മ്യൂസിക്, മാപ്പ് എന്നിവയ്ക്കു പുറമേ സിസ്റ്റത്തെ സ്മാർട്ട് ഫോണുമായി ബന്ധിപ്പിച്ചാൽ ജിപിഎസ് ട്രാക്കിംഗ്, സർവീസ് റിമൈൻഡർ, വാഹനത്തിന്റെ മറ്റു പ്രശ്നങ്ങൾ എന്നിവയെല്ലാം നമുക്കു മുന്നിൽ പ്രത്യക്ഷപ്പെടും. ക്ലൈമറ്റ് കണ്ട്രോൾ യൂണിറ്റിൽ നിസാന്റെ സ്വന്തം ശൈലിയാണ് ഉപയോഗിച്ചിരിക്കുന്നത്. വൃത്താകൃതിയിലുള്ള യൂണിറ്റിന്റെ മധ്യത്തിൽ സ്ക്രീനും ചുറ്റിനും സ്വിച്ചുകളും അടുക്കിയിരിക്കുന്നു. സ്റ്റിയറിംഗ് വീൽ, മീറ്റർ കണ്സോൾ എന്നിവയിൽ മാറ്റമില്ല. ഡോർ പാനലിലും ഗിയറിന്റെ സമീപത്തും ഡാഷ്ബോർഡിലുമായി ധാരാളം സ്റ്റോറേജ് സ്പേസും വാഹനത്തിലുണ്ട്.
സ്റ്റിയറിംഗിന്റെ വലതുഭാഗത്ത് പുഷ് സ്റ്റാർട്ട് ബട്ടണുണ്ട്. കാഴ്ചയിൽ കുഞ്ഞനാണെങ്കിലും മുൻനിരയിൽ രണ്ടു പേർക്കും പിൻനിരയിൽ മൂന്നു പേർക്കും വിശാലമായി യാത്രചെയ്യാൻ കഴിയുന്ന വലിയ സീറ്റുകളാണ് വാഹനത്തിലുള്ളത്.
മൈക്രയുടെ പുതിയ ഓറഞ്ച് എഡീഷനിലെ ഇന്റീരിയൽ വളരെ സ്റ്റൈലിഷ് ആണ്. ഡാഷ്ബോർഡിൽ ലെതർ മെറ്റീരിയലിൽ ഓറഞ്ച് നിറം നല്കിയിരിക്കുന്നു. ഇതിനു പുറമേ കറുത്ത സീറ്റിൽ ഒാറഞ്ച് നൂലുകൊണ്ട് അലങ്കരിച്ച് ഡോർ പാനലിലുൾപ്പെടെ ഓറഞ്ച് നിറവും പൂശിയിരിക്കുന്നു.
സുരക്ഷ: സുരക്ഷയുടെ കാര്യത്തിലും മൈക്ര പിന്നിലല്ല. എബിഎസ്, ഇബിഡി ബ്രേക്കിംഗ് സംവിധാനങ്ങൾക്കൊപ്പം എയർബാഗുകളും സുരക്ഷയ്ക്കു മാറ്റ് കൂട്ടുന്നു. റിവേഴ്സ് സെൻസിംഗ്, കാമറ തുടങ്ങിയവയും സുരക്ഷയുടെ ഭാഗമാണ്.
വലുപ്പം: 3825 എംഎം നീളവും 1665 എംഎം വീതിയും 1525 എംഎം ഉയരത്തിനുമൊപ്പം 150 എംഎം എന്ന ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും 251 ലിറ്റർ ബൂട്ട് സ്പേസുമുണ്ട്.
എൻജിൻ: 1.5 ലിറ്റർ ഡീസൽ എൻജിനിലും 1.2 ലിറ്റർ പെട്രോൾ എൻജിനിലുമാണ് മൈക്ര എത്തുന്നത്.
1461 സിസി 1.5 ലിറ്റർ ഡീസൽ എൻജിൻ 63.1 ബിഎച്ച്പി കരുത്തിൽ 160 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്പോൾ 1198 സിസി 1.2 ലിറ്റർ പെട്രോൾ എൻജിൻ 76 ബിഎച്ച്പി കരുത്തിൽ 104 എൻഎം ടോർക്കാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാന്വൽ ഗിയർ ബോക്സിലും ഓട്ടോമാറ്റിക് സിവിടി ഗിയർ ബോക്സിലും ലഭിക്കും.
വില: പെട്രോൾ ഓട്ടോമാറ്റിക് മോഡലുകൾക്ക് 5.99 ലക്ഷം മുതൽ 6.95 ലക്ഷം രൂപ വരെയും ഡീസൽ മോഡലിന് 6.62 ലക്ഷം മുതൽ 7.23 ലക്ഷം രൂപ വരെയുമാണ് എക്സ് ഷോറൂം വില.