തുറവുർ: മൈക്രോഫിനാൻസ് മാഫിയയുടെ പിടിയിലമർന്ന് നൂറുകണക്കിന് സ്ത്രീകൾ. ഇത്തരം സംഘങ്ങളുടെ പിടിയിലമർന്ന് ജീവിതം വഴിമുട്ടി നിൽക്കുകയാണ് നിരവധി സ്ത്രീകൾ. ആയിരം മുതൽ ലക്ഷങ്ങൾ വരെയാണ് ഇവർ കടം കൊടുക്കുന്നത്. പത്തുമുതൽ ഇരുപതു ശതമാനം വരെ പലിശയ്ക്കാണ് പണം കടം കൊടുക്കുന്നത്.
ആധാർ കാർഡിന്റെ കോപ്പിയും പരസ്പര ജാമ്യത്തിലുമാണ് സ്വയംസഹായ സംഘങ്ങൾ, കുടുബശ്രീകൾ എന്നിവയിലെ അംഗങ്ങൾക്ക് വായ്പ കൊടുക്കുന്നത്.ഇരുപതോളം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളാണ് ചേർത്തല താലൂക്കിന്റെ വടക്കൻ മേഖലകളിൽ മൈക്രോഫിനാൻസ് എന്ന പേരിൽ ബ്ലേഡ് സംഘങ്ങൾ പ്രവർത്തിക്കുന്നത്. വൻഗുണ്ടാസംഘമായാണ് ഇവർ വിലസുന്നത്.
തീരദേശം പിടിച്ച്
അരൂരിനും ചേർത്തലയ്ക്കും ഇടയിൽ ദേശീയപാതയ്ക്കു പടിഞ്ഞാറുഭാഗത്തുള്ള അന്ധകാരനഴി, വെട്ടയ്ക്കൽ, തൈക്കൽ, തങ്കി, കടക്കരപ്പള്ളി, പള്ളിത്തോട്, മനക്കോടം, എഴുപുന്ന, നീണ്ടകര, അരൂർ ഭാഗങ്ങളിലെ നിരവധി സ്ത്രീകളാണ് സ്വകാര്യ മൈക്രോഫിനാൻസിൽനിന്നു പണം എടുത്ത് തിരിച്ചടയ്ക്കാൻ സാധിക്കാതെ ആത്മഹത്യയുടെ വക്കിലെത്തിയിരിക്കുന്നത്.
നിരവധി സ്ത്രീകളാണ് ഈ സംഘത്തിന്റെ ഭീഷണിയെതുടർന്നു നാട്ടിൽനിന്ന് മാറി ഒളിച്ചു താമസിക്കുന്നത്. ഈ മേഖല ഒരു കൂട്ട ആത്മഹത്യയുടെ വക്കിലാണെന്നു പറയാം. മൈക്രോഫിനാൻസ് എന്ന പേരിൽ പ്രവർത്തിക്കുന്ന സംഘം ഈ മേഖലയിൽതന്നെ പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഏജന്റുമാരാണ്. സർക്കാരിനുള്ള ടാക്സ് വെട്ടിക്കാനാണ് സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളാണ് ഇത്തരം മാഫിയാവഴി പണമിടപാട് നടത്തുന്നത്.
അനങ്ങാതെ പോലീസ്
ഇവരുടെ ഭീഷണിയെത്തുടർന്ന് നിരവധിപ്പേർ പോലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന അനധികൃത മൈക്രോഫിനാൻസ് ബ്ലേഡ് മാഫിയായുമായി ചില പോലീസ് ഉദ്യോഗസ്ഥർക്കു ബന്ധമുള്ളതായും പറയപ്പെടുന്നു.
ഇത്തരം സംഘത്തിൽനിന്നു പണം വാങ്ങിയാൽ മുതലും പലിശയും അതിന്റെ കൂട്ടുപലിശയും നൽകിയാൽ പോലും തലയൂരാൻ സാധിക്കാത്ത അവസ്ഥയാണ്. തമിഴ്നാട്ടിലെ ബ്ലേഡ് സംഘത്തിന്റെ ഇടനിലക്കാരായും മൈക്രോഫിനാൻസ് സംഘം പ്രവർത്തിക്കുന്നുണ്ട്. അടിയന്തരമായി ഈ മേഖലയിലെ മൈക്രോഫിനാൻസ് മാഫിയായെ നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.