മാവേലിക്കര: മൈക്രോഫിനാൻസിലൂടെ കോടികളുടെ തട്ടിപ്പും യോഗ വിരുദ്ധ പ്രവർത്തനവും നടത്തുന്ന മാവേലിക്കര എസ്എൻഡിപി യുണിയൻ ഭാരവാഹികൾ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകുന്നേരം നാലിന്് മാവേലിക്കര എസ്എൻഡിപി യൂണിയൻ ഓഫീസിലേക്ക് പ്രധിഷേധ മാർച്ചും, കൂട്ടായ്മയും നടത്തും.
യൂണിയനിലെ ശാഖായോഗം വനിതാ സംഘം മൈക്രോയൂത്ത് മൂവ്മെന്റ് പ്രവർത്തകരും, ഭാരവാഹികളും പങ്കെടുക്കുന്ന മാർച്ച് മാവേലിക്കര ബുദ്ധ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ടൗണ് ചുറ്റി യൂണിയൻ ഓഫീസിനു മുന്പിൽ സമാപിക്കും. എസ്എൻ ട്രസ്റ്റ് ബോർഡ് മെന്പർ ഇറവങ്കര വിശ്വനാഥൻ പ്രതിഷേധ കൂട്ടായ്മ ഉത്ഘാടനം ചെയ്യും.
യോഗം ബോർഡ് മെന്പർ ദയകുമാർ ചെന്നിത്തല, മുൻ യൂണിയൻ സെക്രട്ടറി ബി. സത്യപാൽ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ജയകുമാർ പാറപ്പുറത്ത്, രാജൻ ഡ്രീംസ്, ഗോപൻ ആഞ്ഞിലിപ്ര, രഞ്ചിത് രവി, വന്ദന സുരേഷ്, വാസുദേവൻ, രവി പത്തിശ്ശേരി എന്നിവർ നേതൃത്വം നൽകും.
മൈക്രോ ഫിനാൻസിലൂടെയും, ചാരുംമൂട് എസ്എൻ ഹോസ്പിറ്റൽ പണയപ്പെടുത്തിയും, പ്രീമാര്യേജ് കരുതൽ ധനം അപഹരിച്ചും, നോട്ട് നിരോധന സമയത്ത് നിയമവിരുദ്ധമായി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചും, യൂണിയൻ വാഹനങ്ങൾ വിറ്റഴിച്ച് ലക്ഷങ്ങൾ നഷ്ടം വരുത്തിയും, കടവൂർ സ്കൂൾ നിയമനത്തിൽ വാങ്ങിയ കോഴ അപഹരിച്ചും 12.5 കോടി രൂപയുടെ വൻ വെട്ടിപ്പാണ് യുണിയൻ പ്രസിഡന്റ് സുഭാഷ് വാസും, സെക്രട്ടറി ബി.സുരേഷ് ബാബുവും, വൈ. പ്രസിഡന്റ് ഷാജി.എം.പണിക്കരും രണ്ട് ഓഫീസ് ജീവനക്കാരും ബാങ്ക് മാനേജർമാരുടെ സഹായത്താൽ നടത്തിയിട്ടുള്ളതെന്നാണ് യൂണിയൻ സംരക്ഷണ സമതിയുടെ ആരോപണം.
ആരോപണ വിധേയർ മാവേലിക്കര യൂണിയൻ ഭാരവാഹിത്വം ദുരുപയോഗം ചെയ്യുന്നതിനാൽ, കേസ് അന്വേഷണം സുഗമമായി നടക്കുന്നതിന് യൂണിയൻ ഓഫീസും അധികാരവും ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാവേലിക്കര യൂണിയൻ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമരം.