ഉച്ചഭക്ഷണം കിട്ടുമല്ലോ എന്ന ഒറ്റ കാരണം കൊണ്ട് സ്കൂളില്‍ പോവുകയും കുട്ടികളെ സ്കൂളിലേയ്ക്ക് പറഞ്ഞുവിടുകയും ചെയ്യുന്നവര്‍ ധാരാളമുണ്ട്. നോര്‍ത്ത് ഇന്ത്യയിലാണ് ഇത്തരം പ്രവണത കൂടുതല്‍. ഇപ്പോഴിതാ ഝാര്‍ഖണ്ഡില്‍ നിന്ന് ഇതു സംബന്ധിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. ഝാര്‍ഖണ്ഡിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ഉച്ചഭക്ഷണം ലഭ്യമല്ലാത്തതിനാല്‍ ആദിവാസി കുട്ടികള്‍ കഴിക്കുന്നത് എലി, അണ്ണാന്, പക്ഷിത്തീറ്റ എന്നിവയാണെന്ന വെളിപ്പെടുത്തലാണ് നടന്നിരിക്കുന്നത്. ഝാര്‍ഖണ്ഡിലെ രാജ്മഹല്‍ പര്‍വ്വത നിരകളിലെ രണ്ടു ഗ്രാമങ്ങളിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ നടക്കുന്നത്. എന്‍.ഡി.ടി.വിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
പാവപ്പെട്ട ആദിവാസികള്‍ക്കുവേണ്ടി ഇവിടെ സ്കൂളുകളുണ്ടെങ്കിലും അത് പ്രവര്‍ത്തിക്കുന്നത് കടലാസില്‍ മാത്രമാണ്. അധ്യാപകര്‍ ഇവിടെയെത്തുന്നത് വര്‍ഷത്തില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ്. സ്കൂള്‍ പ്രവര്‍ത്തിക്കാത്തിനാല്‍ ഉച്ചഭക്ഷണവും ഉണ്ടാക്കാറില്ല. അതുകൊണ്ടുതന്നെ വിശപ്പു സഹിക്കാന്‍ വയ്യാതെ കുട്ടികള്‍ ഇത്തരം ഭക്ഷണങ്ങളെ അഭയം പ്രാപിക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടില്‍ പറയുന്നത്.
‘സ്കൂളില്‍ നിന്നും ഭക്ഷണം ലഭിക്കാറില്ല. മുയലുകള്‍ പക്ഷികള്‍, കാട്ടുപന്നി, എലികള്‍ എന്നിവയെ ഞങ്ങള്‍ വേട്ടയാടി കഴിക്കുകയാണ്.’ ഒരു കുട്ടി വെളിപ്പെടുത്തുന്നു. ഇത്തരം ജീവികളെ ഭക്ഷിക്കേണ്ടിവരുന്നതിനാല് ഇവിടങ്ങളിലെ കുട്ടികള്‍ പകര്‍ച്ച വ്യാധികളുടെ പിടിയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ അറുപതോളം കുട്ടികള്‍ ഇവിടെ പഠിച്ചിരുന്നു. എന്നാല്‍ അധ്യാപകര്‍ വരാതായതോടെ കുട്ടികളുടെ വരവും നിലച്ചു. ഗ്രാമവാസികള്‍ പറയുന്നു. ‘നേരത്തെ 50-60 കുട്ടികള്‍ ഈ സ്കൂളിലുണ്ടായിരുന്നു. എന്നാലിപ്പോള്‍ അധ്യാപകര്‍ വരാറില്ല. അങ്ങനെയായപ്പോള്‍ കുട്ടികളും സ്കൂളില്‍ പോകുന്നത് നിര്‍ത്തി. ‘ഗ്രാമത്തലവനായ മെസ പഹാരിയ പറയുന്നു.