റായ്പൂർ: കുട്ടികൾക്കുള്ള പോഷകാഹാരമെന്ന് പറഞ്ഞ് സ്കൂൾ കുട്ടികൾക്ക് കൊടുക്കുന്നത് ചോറും മഞ്ഞളും. ചത്തീസ്ഗഡിലാണ് സംഭവം. മറ്റ് പല സംസ്ഥാനങ്ങളിലും പയറും പരിപ്പും ചപ്പാത്തിയും നൽകുന്ന സാഹചര്യത്തിലാണ് ചത്തീസ്ഗഡിൽ ഈ ദുരവസ്ഥ.
പോഷകസമ്പുഷ്ടമായ ഉച്ചക്കഞ്ഞിയാണ് സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ മെനുവിൽ പറയുന്നത്. എന്നാൽ പല സ്കൂളുകളിലും ഈ മെനു രേഖകളിൽ മാത്രമാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
2022ലെ റിപ്പോർട്ടുകൾ പ്രകാരം ചത്തീസ്ഗഡിൽ കുട്ടികളിൽ പതിനേഴര ശതമാനവും പോഷകാഹാരക്കുറവ് നേരിടുന്നവരാണ്. ചില സ്കൂളുകൾ ഉച്ചക്കഞ്ഞിക്ഷാമത്തെക്കുറിച്ച് തുറന്നുസംസാരിക്കുകയും ചെയ്തു.
പച്ചക്കറി, പയറുവർഗങ്ങൾ എത്തിച്ചിരുന്ന വിതരണക്കാർക്ക് പണം കൃത്യമായി നൽകാത്തതാണ് ക്ഷാമത്തിന് കാരണം. സംഭവം പുറത്ത് വന്നതോടെ അടിയന്തര അന്വേഷണത്തിന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉത്തരവിട്ടു. സ്കൂളുകളിൽ മാത്രമല്ല അങ്കണവാടികളിലും സമാന പ്രതിസന്ധിയാണ് നേരിടുന്നത്.