ചങ്ങനാശേരി: ടാബ് മോഷണം പോയെന്ന പരാതി ലഭിച്ചു. ഒരു മണിക്കൂറിനകം പോലീസ് മോഷ്ടാവിന്റെ വീട്ടിലെത്തി ടാബ് കണ്ടെടുത്തു. ഇന്നു രാവിലെ ചങ്ങനാശേരി പോലീസാണ് ടാബ് മോഷ്ടിച്ച പ്രതിയുടെ വീട്ടിലെത്തി ടാബ് കണ്ടെടുത്തത്.
ഇന്നലെ രാത്രി ഏഴിന് ചങ്ങനാശേരി അരമനപ്പടി ഭാഗത്തുള്ള വീട്ടിൽനിന്നാണ് ടാബ് മോഷണംപോയത്. ഇന്നു രാവിലെ ഏഴിന് ടാബ് മോഷണം പോയതായി വീട്ടമ്മ ചങ്ങനാശേരി പോലീസിൽ പരാതി നൽകി.
സൂചനകളുടെ അടിസ്ഥാനത്തിൽ ചങ്ങനാശേരി എസ്ഐ ഷമീർ ഖാൻ, പോലീസുകാരായ തോമസ് സ്റ്റാൻലി, ബർണബാസ്, സുപ്രഭ എന്നിവർ ചേർന്ന് കുറിച്ചി സ്വദേശിയും മൊബൈൽ മോഷ്ടാവുമായ കുറിച്ചി സ്വദേശി ബിനൂബി(25)ന്റെ വീട്ടിലെത്തി അന്വേഷിച്ചപ്പോൾ മോഷണം പോയ ടാബ് കണ്ടെത്തുകയായിരുന്നു.
ഈ ടാബ് പോലീസ് കസ്റ്റഡിയിലെടുത്ത് വീട്ടമ്മയ്ക്കു തിരികെ നൽകി. കേസ് വേണ്ടെന്ന വീട്ടമ്മയുടെ നിലപാടിനത്തുടർന്ന് ടാബ് അവർക്കു തിരികെ നൽകി.
വിലപിടിപ്പുള്ള മൊബൈൽ ഫോണുകളും ടാബുകളും മാത്രം മോഷ്ടിക്കുന്ന ബിനൂബിന് മാനസികന്യൂനതയുണ്ടെന്നു പോലീസ് പറഞ്ഞു.