ഊട്ടി: മാനഭംഗക്കേസിൽ പോലീസ് അന്വേഷിച്ച് എത്തിയതോടെ ബോളിവുഡിലെ മുതിർന്ന താരം മിഥുൻ ചക്രവർത്തിയുടെ മകന്റെ വിവാഹം മുടങ്ങി. ഇന്നലെ ഊട്ടിയിൽ നടത്താനിരുന്ന വിവാഹമാണ് മുടങ്ങിയത്.
മിഥുൻ ചക്രവർത്തിയുടെ മകൻ മഹാക്ഷയ് എന്ന മിമോയുടെ വിവാഹം ഊട്ടിയിലെ ഫൈവ്സ്റ്റാർ ഹോട്ടലിൽ നടക്കാനിരിക്കെയാണ് പോലീസ് എത്തിയത്. ഇതോടെ, വധുവിന്റെ ആളുകൾ ചടങ്ങ് വേണ്ടെന്നുവച്ചു സ്ഥലംവിട്ടു.
പീഡനക്കേസിൽ അറസ്റ്റ് ചെയ്യുന്നതൊഴിവാക്കാൻ മിഥുൻ ചക്രവർത്തിയുടെ ഭാര്യ യോഗിത ബാലിയും മഹാക്ഷയും നേരത്തെ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായിരുന്നില്ല. തുടർന്ന് ഡൽഹി കോടതിയെ സമീപിച്ചു.
ഡൽഹി കോടതി ഇന്നലെ ജാമ്യം അനുവദിച്ചു. മിഥുൻ ചക്രവർത്തിയുടെ കുടുംബത്തെ ആളുകൾക്കു നന്നായി അറിയാമെന്നും അവർ ഒളിച്ചോടില്ലെന്നും നിരീക്ഷിച്ചായിരുന്നു കോടതിയുടെ തീരുമാനം. ഇതിനിടെയാണ് പോലീസ് അന്വേഷിച്ച് എത്തിയത്.
വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്തു തന്നെ മഹാക്ഷയ് നാലു വർഷം പീഡിപ്പിച്ചെന്നാണു യുവതിയുടെ പരാതി. ഗർഭിണിയായപ്പോൾ ഗർഭച്ഛിദ്രം നടത്താൻ നിർബന്ധിച്ചുവെന്നും പരാതിയിൽ പറയുന്നു. കേസിൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.