ദുരന്തത്തിനോട് മിഥുന്റെ ലൈക്ക്, കൂടെ മുപ്പതുലക്ഷം സ്മാര്‍ട്ട് ലൈക്ക്! വാഹനാപകടത്തില്‍ ചലനശേഷി നഷ്ടപ്പെട്ട മിഥുന്‍ നേടിയെടുത്തത് ആത്മവിശ്വാസത്തിന്റെ മുഖപ്രസാദം

midhun-newഇരിങ്ങാലക്കുട: കൂടുതല്‍ സ്മാര്‍ട്ടാകാന്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി ഷൈന്‍ ചെയ്യുന്നവര്‍ക്കറിയുമോ… മുപ്പത് ലക്ഷത്തോളം പേജ് ലൈക്ക് ഉള്ള,  മലയാളത്തിലെ ഏറ്റവും ലൈക്കുള്ള ഫേസ് ബുക്ക് പേജിന്റെ ഉടമ ഇരിങ്ങാലക്കുട സ്വദേശിയാണെന്ന്. പുല്ലൂര്‍ സ്വദേശി മിഥുന്‍ കെ.മിത്രനാണ് ഈ റിക്കാര്‍ഡിനുടമ.  വാഹനാപകടത്തില്‍ ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ട മിഥുന്‍ നേടിയെടുത്തത് ആത്മവിശ്വാസത്തിന്റെ മുഖപ്രസാദമാണ്.

ആറു വര്‍ഷങ്ങള്‍ക്കുമുമ്പ് ഗള്‍ഫില്‍നിന്ന് ലീവിനു വന്ന മിഥുന് ഠാണവില്‍വച്ചാണ് അപകടം സംഭവിക്കുന്നത്. മിഥുന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ മിഥുന്റെ ഇരുകാലുകളും ചലനശേഷി നഷ്ടമായി. കുടുംബത്തിന്റെ ഏക പ്രതീക്ഷയായി ഗള്‍ഫില്‍ ജീവിതമാരംഭിക്കുമ്പോഴായിരുന്നു അപകടം. അതോടെ ഊന്നുവടിയുടെ സഹായമില്ലാതെ നടക്കാനാവസ്ഥ അവസ്ഥയിലായി.

എന്നാല്‍ അപ്രതീക്ഷിതമായി വന്നുചേര്‍ന്ന ദുരന്തത്തിനു മുന്നില്‍ തളര്‍ന്നുനില്‍ക്കാന്‍ മിഥുന്‍ തയാറായിരുന്നില്ല. ഓണ്‍ലൈന്‍ പ്രൊമോഷന്റെ സാധ്യത തിരിച്ചറിഞ്ഞ് സ്മാര്‍ട്ട്  പിക്‌സ് മീഡിയ ആരംഭിച്ചു. കാസര്‍ഗോഡുള്ള സുഹൃത്ത് അനീഷ് മോഹന്റെ സഹായത്തോടെയാണ് ‘സ്മാര്‍ട്ട് പിക്‌സ് മീഡിയ’ തുടങ്ങിയത്. തുടക്കത്തില്‍ ചലച്ചിത്രങ്ങള്‍ക്കുള്ള ഒരു ഓണ്‍ലൈന്‍ പ്രൊമോഷന്‍ പ്ലാറ്റ്‌ഫോം എന്നതായിരുന്നു ചിന്ത. ആകര്‍ഷകമായ വീഡിയോകളും ചിത്രങ്ങളും ഉള്‍പ്പെടുത്തുക. അതു നന്നായി ചെയ്തതോടെ മികച്ച പ്രതികരണം ലഭിച്ചു. അതോടെ ഇതിനെ ഗൗരവമായി സമീപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പരിശ്രമങ്ങള്‍ക്കു മികച്ച പ്രതികരണവും പ്രതിഫലവും കിട്ടി. മലയാളി യുവത്വത്തിനിടയില്‍ മിഥുന്റെ ശ്രമത്തിനു പ്രതീക്ഷിച്ചതില്‍ കൂടുതല്‍ പ്രചാരം ലഭിച്ചു. മൂപ്പത് ലക്ഷത്തോളം ലൈക്കുകളാണ് പേജിനുള്ളത്. സിനിമാ സംബന്ധമായ പോസ്റ്റുകളും സിനിമയ്ക്കു പുറത്ത് കൗതുകമുണ്ടാക്കുന്ന വീഡിയോകളുമാണ് സ്മാര്‍ട്ട്പിക്‌സ് പേജിലിടുന്നത്.

മലയാളത്തിലെ പ്രമുഖ നിര്‍മാതാക്കളും അഭിനേതാക്കളും സംവിധായകരും സ്മാര്‍ട്ട് പിക്‌സിന്റെ പ്രൊമോഷന്‍ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇന്നസെന്റ്, വൈക്കം വിജയലക്ഷ്മി, സുബി സുരേഷ് തുടങ്ങി നൂറിലധികം സെലിബ്രിറ്റിക ഫേസ്ബുക്ക് പേജുകള്‍ കൈകാര്യം ചെയ്യുന്നത് സ്മാര്‍ട്ട് പിക്‌സ് മീഡിയ ആണ്. പേജിലെ പ്രൊമോഷനുകള്‍ക്ക് കൃത്യമായി പ്രതിഫലം ലഭിക്കുന്നതായി മിഥുന്‍ പറഞ്ഞു.

മനുഷ്യത്വപരമായ പ്രവൃത്തികള്‍ക്കും പേജ് ഉപയോഗിക്കാറുണ്ട്. സഹായം തേടിയുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനും സ്മാര്‍ട്ട് പിക്‌സ് മീഡിയ ശ്രമിക്കുന്നുണ്ട്. ആയിരക്കണക്കിനു വരുന്ന ഞങ്ങളുടെ വായനക്കാരില്‍ ആരെങ്കിലും നിരാാലംബര്‍ക്കു സഹായഹസ്തം നീട്ടിയാല്‍ സന്തോഷമാണെന്നു മിഥുന്‍ പറഞ്ഞു. പൂല്ലുര്‍ കല്ലിങ്ങപുറം മിത്രന്റെയും ഷീബയുടെയും ഇളയമകനാണ് ഈ “സ്മാര്‍ട്ട് ബോയ്.’

Related posts