കൊച്ചി: പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് അർധരാത്രി യുവാവ് പതിനേഴുകാരിയെ വീട്ടിൽ കയറി പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു. പൊള്ളലേറ്റ യുവാവും മരിച്ചു. കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്നു സമീപം പദ്മാലയത്തിൽ ഷാലൻ-മോളി ദമ്പതിമാരുടെ മകൾ ദേവികയും പറവൂർ സ്വദേശി മിഥുനുമാണ് മരിച്ചത്. ദേവിക പ്ലസ് വൺ വിദ്യാർഥിനിയാണ്.
പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവിന് ഗുരുതരപൊള്ളലേറ്റു. ബുധനാഴ്ച രാത്രി 12.15 ഓടെയാണ് സംഭവം. ബൈക്കിലെത്തിയ മിഥുൻ വീട്ടുകാരെ വിളിച്ചുണർത്തി. ഷാലനോട് ദേവികയെ കാണണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം പുറത്തെത്തിയ ദേവികയുടെ മേൽ മിഥുൻ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീ ആളിപ്പടരുന്നതിനിടെ മിഥുനും പൊള്ളലേറ്റു. ദേവികയെ രക്ഷപെടുത്താൻ ശ്രമിച്ച ഷാലനും പൊള്ളലേറ്റു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മൂവരെയും ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ദേവികയേയും മിഥുനെയും രക്ഷിക്കാനായില്ല. പെൺകുട്ടിയോട് മിഥുൻ പലതവണ പ്രണയാഭ്യർഥന നടത്തിയിരുന്നു. പെൺകുട്ടിയെ ശല്യപ്പെടുത്തിയതിന് മിഥുനെതിരെ കേസും നിലവിലുണ്ടായിരുന്നു.
ബുധനാഴ്ച വൈകുന്നേരവും പെൺകുട്ടിയോട് ഇയാൾ പ്രണയാഭ്യർഥന നടത്തി. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു. ഇതാണ് രാത്രിയോടെ കൊലപാതകത്തിൽ കലാശിച്ചത്.