ബുദ്ധിയുടെയും ഏകാഗ്രതയുടെയും വേദിയായ റുബിക്സ് ക്യൂബ് സോൾവിംഗിൽ വേറിട്ട വഴിയിലൂടെ ലോക റിക്കാർഡിനൊരുങ്ങുകയാണ് ഒരു ബിരുദ വിദ്യാർഥി. മണ്ണഞ്ചേരി പഞ്ചായത്ത് കലവൂർ മിഥുനത്തിൽ മിഥുൻ തല കീഴായി കിടന്ന് പരമാവധി തവണ റുബിക്സ് ക്യൂബ് ക്രമപ്പെടുത്താനുള്ള ശ്രമത്തിലാണ്.
മിഥുന്റെ ശ്രമങ്ങളെ വിലയിരുത്തി അംഗീകാരം നൽകാൻ ഗിന്നസ് റിക്കാർഡ് ടീം ഇന്ന് ആലപ്പുഴയിൽ മത്സരം നടത്തും. കഴിഞ്ഞ മൂന്നുവർഷമായി ഈ 16 കാരൻ റുബിക്സ് ക്യൂബുകളുടെ ലോകത്താണ്. താല്പര്യം തോന്നിയത് മുതൽ ഇന്റർനെറ്റിലൂടെ ക്യൂബുകളുടെ കൂടുതൽ വിദ്യകളും സാധ്യതകളും അറിഞ്ഞു. പിന്നെ അവ സ്വയം ചെയ്യാനുള്ള ശ്രമമായി. ഈ മേഖലയിലുള്ള സംഘടനകളുമായി ബന്ധപ്പെട്ടു. പഠനത്തോടൊപ്പം കഠിനമായ പരിശീലനം.
അതിനിടയിലാണ് തല കീഴായി കിടന്നുള്ള റുബിക്സ് ക്യൂബ് സോൾവിംഗിന്റെ ലോക റിക്കാർഡിനെ കുറിച്ച് അറിഞ്ഞത്. അതിലേക്ക് ശ്രദ്ധ വച്ചതോടെ റിക്കാർഡ് മറികടക്കണമെന്ന ലക്ഷ്യം മനസിൽവച്ചുള്ള പരിശീലനം തുടങ്ങിയത് ഒരു വർഷം മുന്‍പാണ്. നിലവിൽ 26 തവണയാണ് ലോക റിക്കാർഡ്. അര മണിക്കൂർകൊണ്ട് 60 തവണയാണ് മിഥുന്റെ ലക്ഷ്യം.
പരിശീലനത്തിന്റെ ഭാഗമായി തലകീഴായി കിടക്കുന്പോൾ കാലിന്റെ വേദന കൂടിയപ്പോൾ ശ്രമം പാതിവഴിയിൽ നിർത്തിവയ്ക്കേണ്ടി വന്നു. കുറച്ചു നാളത്തെ വിശ്രമത്തിനൊടുവിൽ വീണ്ടും അപേക്ഷ നൽകി പരിശീലനം ആരംഭിച്ചു. ഇന്നു നടക്കുന്ന മത്സരത്തിൽ ഫലം ലഭിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് മിഥുൻ. റുബിക്സ് ക്യൂബുകളുടെ ഒരു ഓണ്‍ലൈൻ ഷോപ്പും ഈ കൊച്ചു മിടുക്കൻ ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ നാഷണൽ കോളജിൽ ഒന്നാംവർഷ വിദ്യാർഥിയായ മിഥുൻ, ഡിസൈനിംഗ് രംഗത്തു ജോലി ചെയ്യുന്ന രാജീവ്-ബോബി ദന്പതികളുടെ മകനാണ്.