തളിപ്പറമ്പ്: പത്താം ക്ലാസ് വിദ്യാര്‍ത്ഥി നിര്‍മ്മിച്ച ഇഎംഎസ് പ്രതിമ 18ന് അനാച്ഛാദനം ചെയ്യും. വൈകുന്നേരം 6.30 ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി.ഗോവിന്ദനാണ് പ്രതിമയുടെ അനാച്ഛാദന കര്‍മ്മം നിര്‍വ്വഹിക്കുന്നത്.
സ്കൂള്‍ മേളകളില്‍ ശില്പ്പങ്ങള് നിര്‍മ്മിച്ച് നിരവധി സമ്മാനങ്ങള്‍ നേടിയ മിഥുന് മനോജാണ് എഴുപത് കിലോഗ്രാം തൂക്കം വരുന്ന വെങ്കല പ്രതിമ സൗജന്യമായി കീഴാറ്റൂര്‍ ഇ.എം.എസ് മന്ദിരത്തിന് വേണ്ടി നിര്‍മ്മിച്ചു നല്‍കിയിരിക്കുന്നത്.
താൻ ആദ്യമായി നിര്‍മ്മിക്കുന്ന വെങ്കല പ്രതിമ ഇഎംഎസിന്റെതായിരിക്കണമെന്ന മിഥുന്റെ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണം കൂടിയാണ് ഇതോടെ നടക്കുന്നത്. രേതനായ മനോജിന്റെയും ജിഷയുടേയും മകനായ ഈ കൊച്ചുശില്പ്പി ഒരു പ്രതിഫലവും വാങ്ങാതെയാണ് പ്രതിമ നാടിന് സമര്‍പ്പിക്കുന്നത്. ആറുമാസത്തെ പരിശ്രമത്തിലൂടെയാണ് മിഥുന് പ്രതിമ യാഥാര്‍ത്ഥ്യമാക്കിയത്. ദല്‍ഹിയിലും, കണ്ണൂര്‍ കാല്‍ടെക്സ് ജങ്ങ്ഷനിലുമുള്ള എകെജി പ്രതിമകളുടെ ശില്പി കുഞ്ഞിമംഗലം നാരായണന് മാസ്റ്ററുടെ കുടുംബത്തില്‍ നിന്നുമാണ് മിഥുന് മനോജിന്റെയും വരവ്. മിഥുന്റെ അമ്മാവന് ജീവനും പ്രതിമാ നിര്‍മ്മാണത്തില്‍ വിദഗ്ദനാണ്. ശില്പകലയില് തന്റെ കുഞ്ഞുവിരലുകള്‍ കൊണ്ട് മിഥുന് വിസ്മയം സൃഷ്ടിക്കുമ്പോള്‍ പ്രചോദനമായി അമ്മാവന് ജീവനും കൂടെയുണ്ട്.
ടി.വി.വിനോദ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി.മുകുന്ദന് ഉപഹാര സമര്‍പ്പണം നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം വി.കെ.സുരേഷ്ബാബു, നഗരസഭാ പ്രതിപക്ഷ നേതാവ് കെ.മുരളീധരന്, കൗണ്‍സിലര്‍ പി.പ്രകാശന്, പുല്ലായിക്കൊടി ചന്ദ്രന്, കെ.പി.പ്രകാശന്, പി.പി.രമേശന്, എന്‍.ബൈജു, സി.രമേശന്, വി.രാഘവന്, എം.വി.രാഘവന്, കെ.ബിജുമോന് എന്നിവര്‍ പ്രസംഗിക്കും.