ഇരിങ്ങാലക്കുട സുജിത്ത് വധക്കേസിലെ പ്രതിയെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തി. ഇന്നു രാവിലെ എടക്കുളം എസ്എൻ നഗറിനു സമീപമാണ് പ്രതി മിഥുനെ കൈകളിലെ ഞരന്പു മുറിച്ചനിലയിൽ കണ്ടെത്തിയത്. രാവിലെ 8.30 ന് നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി അവശ നിലയിലായ പ്രതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് ബസ് സ്റ്റാൻഡിനു സമീപമുള്ള ഓട്ടോറിക്ഷാ പേട്ടയിൽവെച്ച് ഓട്ടോഡ്രൈവറായ മിഥുൻ കൊരുന്പിശേരി സ്വദേശി പുതുക്കാട്ടിൽ സുജിത്തിനെ (26) ക്രൂരമായി മർദിച്ചത്. ആത്മഹത്യയ്ക്കു ശ്രമിച്ച സ്ഥലത്തു നിന്നും മിഥുന് എഴുതിയ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. എനിക്ക് തെറ്റുപറ്റി. ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്നും പകരമായി എന്റെ ജീവന് നല്‍കുന്നുവെന്നും കത്തിലുണ്ട്.
സുജിത്തിന്റെ ബന്ധുവായ പെൺകുട്ടിയെ ശല്യപ്പെടുത്തുന്നതു ചോദ്യം ചെയ്ത വൈരാഗ്യത്തിനായിരുന്നു മർദ്ദനം. മാരകായുധം ഉപയോഗിച്ച് മർദിച്ചതിനെത്തുടർന്ന് അബോധാവസ്ഥയിലായ സുജിത്തിനെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ സഹകരണ ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റി. തുടർന്ന് ബുധനാഴ്ച പുലർച്ചയോടെ സുജിത്ത് മരിച്ചു.
മർദനത്തിനുശേഷവും പ്രതി പെരുവല്ലിപാടത്തിനു സമീപത്തുവെച്ച് സുജിത്തിന്റെ ഇളയച്ഛനെയും മകളെയും ഓട്ടോറിക്ഷയിലെത്തി തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു. മിഥുൻ ശല്യം ചെയ്തിരുന്ന പെണ്‍കുട്ടിയുടെ വീട്ടിനു പിറകിലുള്ള പറന്പിലാണ് മിഥുനെ ഇന്നു രാവിലെ ഞരന്പ് മുറിച്ചനിലയിൽ കണ്ടെത്തിയത്. രണ്ടു കൈകളിലെയും ഞരന്പു മുറിച്ചിട്ടുണ്ട്.
സുജിത്തിന്റെ മരണത്തോടെ പോലീസ് പ്രതി മിഥുനായി ഉൗർജിതമായ അന്വേഷണമാണ്് നടത്തിയിരുന്നത്. അന്വേഷണസംഘം ചെറു സംഘങ്ങളായതിരിഞ്ഞ് തമിഴ്നാട്ടിലും കേരളത്തിലെ പല ജില്ലകളിലും അന്വേഷണം നടത്തിയിരുന്നു. ഇതിനിടയിൽ മിഥുനെ ഒളിവിൽപോകാൻ സഹായിച്ച ഓട്ടോ ഡ്രൈവറെ പോലീസ് പിടികൂടിയിരുന്നു.
മിഥുനെ തന്റെ മാപ്രാണത്തുള്ള സ്വകാര്യ ലോഡ്ജിൽ രാത്രിയോടെ കൊണ്ടുവന്ന് താമസിപ്പിക്കുകയും പിറ്റേന്ന് രാവിലെ പണവും തന്റെ വസ്ത്രങ്ങളും മറ്റും നൽകി തന്റെ ഓട്ടോറിക്ഷയിൽ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുചെന്നാക്കിയെന്നുമാണ് പിടിയിലായ ഓട്ടോ ഡ്രൈവർ പോലീസിനോട് സമ്മതിച്ചത്.
ആത്മഹത്യയ്ക്കു ശ്രമിച്ച മിഥുനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്്. പ്രതിയുടെ നില ഗുരുതരമല്ലെന്നാണു ആശുപത്രി അധികൃതർ അറിയിച്ചത്.