കോഴിക്കോട്: എസ്എം സ്ട്രീറ്റിലെ മൊത്തവ്യാപാര കേന്ദ്രമായ ഒയാസീസ് കോമ്പൗണ്ടിനുള്ളില്‍ അഗ്നിബാധ. ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം.
മെഗാലാസ്റ്റ് മാര്‍ക്കറ്റിംഗ്, സുരഭി ഫൂട്വേര്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് സമീപത്താണ് അഗ്നിബാധയുണ്ടായത്. കെട്ടിടത്തിന് സമീപത്തായി കൂട്ടിയിട്ട മാലിന്യങ്ങള്‍ക്ക് തീപിടിക്കുകയായിരുന്നു.
തീ ആളിക്കത്തുന്നത് കണ്ടവര്‍ ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയും ബീച്ച് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണക്കുകയും ചെയ്തു. സീനിയര്‍ ഫയര്‍ റസ്ക്യൂ ഓഫീസര്‍ പി.വി.പൗലോസിന്റെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്സെത്തി തീയണച്ചതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
രണ്ടിടത്തും ഓരേ സമയത്താണ് തീപടര്‍ന്നതെന്നതില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട് . മൊത്തവ്യാപാര കേന്ദ്രമായ ഓയാസീസില്‍ കൂടുതലായും പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് വില്‍പ്പനയ്ക്കുള്ളത്.
മാലിന്യത്തില്‍ നിന്ന് തീ ഉയര്‍ന്ന് സമീപത്തെ കടകളിലേക്ക് പടരാനുള്ള സാധ്യതയേറെയായിരുന്നു. കടകളെല്ലാം തൊട്ടടുത്തായതിനാല്‍ തീപടരാനുള്ള സാധ്യതയും കൂടുതലാണ്.
ഈ സാഹചര്യം കണക്കിലെടുത്ത് ഒയാസീസ് കോമ്പൗണ്ടുള്പ്പെടെ എസ്എം സ്ട്രീറ്റില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഫയര്‍ഫോഴ്സ് ജില്ലാ ഭരണകൂടത്തിനും വ്യാപാരികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാലിന്യങ്ങള്കൂട്ടിയിട്ട് കത്തിക്കുന്നതിനും ഇവിടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
പോലീസ് അന്വേഷിക്കും
കച്ചവട സ്ഥാപനങ്ങള്‍ പൂര്‍ണമായും അടഞ്ഞു കിടന്ന സമയത്തുണ്ടായ തീപിടിത്തം സംബന്ധിച്ച് പോലീസും അന്വേഷിക്കുന്നു. ടൗണ്‍ പോലീസാണ് അന്വേഷിക്കുന്നത്.
പുലര്‍ച്ചെ മൂന്നിനാണ് തീപിടിത്തമുണ്ടായത്. ഈ സമയം ഈ മേഖലകളിലെ കടകളിലൊന്നും ജീവനക്കാരുണ്ടാവാറില്ല. കടകള്‍ക്ക് സമീപത്തായി കൂട്ടിയിട്ട മാലിന്യം കത്തിക്കാതെ തീ പിടിക്കാന്‍ മറ്റു മാര്‍ഗങ്ങളുമില്ല.
രണ്ടിടത്തും ഓരേ സമയം തീയിട്ടതിലും ദുരൂഹത അവശേഷിക്കുന്നുണ്ട്. ഇതേതുടര്‍ന്ന് മറ്റു കടകളിലെയും വ്യാപാര സ്ഥാപനങ്ങളിലേയും സിസിടിവി കാമറകള്‍ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് മിഠായിത്തെരുവ് തുറന്ന സമയത്തും സമാനമായ സംഭവം ഉണ്ടായിരുന്നു. ഒയാസീസ് ഹോട്ടല്‍ വളപ്പിലായിരുന്നു തീപിടിച്ചത്.
ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു തീ ഉയര്‍ന്നത്. എല്ലാവരുടേയും ശ്രദ്ധ ഇവിടേക്ക് തിരിയുമ്പോള്‍ മോഷണം നടത്താനുള്ള പദ്ധതിയാണിതിന് പിന്നിലെന്നായിരുന്നു പോലീസ് സംശയം.
തീ ഉയരുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് കുപ്രസിദ്ധ മോഷ്ടാവിന്റെ സാന്നിധ്യവും അന്നുണ്ടായിരുന്നു. സമാനമായ രീതിയില്‍ മോഷണത്തിനുള്ള ശ്രമമാണോ നടന്നതെന്നും പോലീസ് അന്വേഷിക്കും.