കൊയിലാണ്ടി /പയ്യോളി: ഭര്‍തൃമതിയായ യുവതിയെയും വിവാഹിതനായ യുവാവിനെയും കാണാതായിട്ട് ഒരു വര്‍ഷം പിന്നിട്ട സംഭവത്തില്‍ കേസ് പുതിയ അന്വേഷണസംഘം ഏറ്റെടുത്തു.
വടകര കുട്ടോത്ത് പഞ്ചാക്ഷരിയില്‍ ടി.ടി. ബാലകൃഷ്ണന്റെമകള് ഷൈബ (37) യെയാണ് 2019 മെയ് 14 മുതല്‍ കാണാതായത്. അന്നേ ദിവസം കാലത്ത് വിദേശത്തുള്ള ഭര്‍ത്താവ് കല്ലേരി പൊന്മേരിപറമ്പില് വലിയ പറമ്പത്തു ഗിരീഷ് കുമാറിന്റെ വീട്ടില്‍ നിന്നും മകളുമൊത്ത് സ്കൂട്ടറില്‍ സ്വന്തം വീട്ടിലെത്തി പതിമൂന്ന് വയസുള്ള മകളെ അച്ഛനെ ഏല്‍പ്പിച്ച ശേഷം വടകര അക്ഷയ കേന്ദ്രത്തില്‍ പോകാനുണ്ടെന്ന് പറഞ്ഞാണ് ഷൈബ വീട്ടില്‍ നിന്നിറങ്ങിയത്.
അതിനു ശേഷം ഇത് വരെ ഇവരെ പറ്റി യാതൊരു വിവരവുമില്ല. തൊട്ട് പിറ്റേന്ന് സഹോദരന് ഷിബിന്‍ ലാല്‍ വടകര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ സഹോദരിക്ക് വിവാഹത്തിന് മുന്‍പ് ഒരു യുവാവുമായി പ്രണയമുണ്ടായിരുന്നതായി ഷിബിന്‍ ലാല്‍ സൂചിപ്പിച്ചിരുന്നു.
അന്ന് വിദേശത്തായിരുന്ന യുവാവിന്റെ കൂടെയാണോ ഇവര്‍ പോയതെന്ന് സംശയമുള്ളതായും പരാതിയില്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഷൈബയെ കാണാതായ അതേ ദിവസം യുവാവ് കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങിയതായി പോലീസ് അന്വേഷണത്തില്‍ മനസിലായി. സംഭവത്തിനുശേഷം യുവാവ് വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ല. യുവതിയെയും യുവാവിനെയും കുറിച്ച് യാതൊരു വിവരവുമില്ല.
റൂറല്‍ എസ്പി ഡോ. എ. ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആര്. ഹരിദാസാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.അന്വേഷണത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അന്‍പതോളം പേരില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പുതിയ അന്വേഷണ സംഘത്തിന്റെ തീരുമാനം.