മൈഗ്രേൻ ഉണ്ടാകുന്നതിനു പിന്നിലെ ഉത്തേജകഘടകങ്ങൾ അഥവാ ട്രിഗറുകൾ പലതാണ്. ഓരോരുത്തരിലും കൊടിഞ്ഞി ഉണ്ടാകുന്നതിനു പിന്നിലെ സാഹചര്യങ്ങളും കാരണങ്ങളും വിഭിന്നമാണ്. ഒരാളിൽ മൈഗ്രൻ ഉണ്ടാകാനുള്ള അടിസ്ഥാനപരമായ പ്രവണതയുണ്ടെങ്കിൽ അത് പെട്ടെന്ന് തീവ്രമാകുന്നതും സവിശേഷതരം ട്രിഗറുകളുടെ സാന്നിധ്യത്തിലാണ്.
ശബ്ദവും വെളിച്ചവും
ഗ്രിഗറുകളിൽ പ്രധാനപ്പെട്ടത് ആർത്തവം, സ്ട്രെസ്, തളർച്ച, കൂടുതൽ ഉറങ്ങുന്നതും കുറച്ച് ഉറങ്ങുന്നതും, വിശന്നിരിക്കുക, സമുദ്രനിരപ്പിൽനിന്ന് ഉയർന്ന സ്ഥലങ്ങളിൽ പോകുക, ദീർഘയാത്രകൾ, അമിതമായ പ്രകാശകിരണങ്ങൾ, ശബ്ദകോലാഹലങ്ങൾ, അമിതായാസം, ദീർഘനേരം ടിവി കാണുക, വെയിലത്തുനടക്കുക, ചിലതരം ഗന്ധങ്ങൾ, ലൈംഗികബന്ധം(രതിമൂർച്ഛ), ഋതുഭേദങ്ങൾ, പെർഫ്യൂമുകൾ, ചുമയ്ക്കുക തുടങ്ങിയവയാണ്.
ചോക്ലേറ്റ് ചിലരിൽ
ചിലതരം ഭക്ഷണ പദാർഥങ്ങളും മൈഗ്രേനുണ്ടാക്കുന്ന ട്രിഗറുകളാണ്. കൊടിഞ്ഞിയുണ്ടാകുന്നവരിൽ പത്തു ശതമാനം പേർക്കും ഇത്തരം ആഹാരപദാർഥങ്ങൾ വിനയാകുന്നു. ചോക്ലേറ്റുകൾ, ചീസ്, മദ്യം (പ്രത്യേകിച്ച് ചുവന്ന വൈൻ), നാരങ്ങ, കാപ്പിയിലെ കഫീൻ, ചൈനീസ് ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ള അജിനോമോട്ടോ, നൈട്രേറ്റുകളും അസ്പ്പർട്ടേറ്റും അടങ്ങിയിട്ടുള്ള ഭക്ഷണപദാർഥങ്ങൾ തുടങ്ങിയവയെല്ലാം പല കാഠിന്യത്തിൽ മൈഗ്രേന് ഉത്തേജക ഘടകങ്ങളാകുന്നു.
സ്ത്രീകളിൽ
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കു തന്നെയാണ് കൊടിഞ്ഞി കൂടുതലായുണ്ടാകുന്നത്. ഏഴു ശതമാനം പുരുഷന്മാർക്ക് മൈഗ്രേൻ ഉണ്ടാകുന്നതായി കാണുന്പോൾ ഇതു സ്ത്രീകളിൽ 27 ശതമാനം പേർക്കും ഉണ്ടാകുന്നു. ഏകദേശ കണക്കുപറഞ്ഞാൽ 3:1 എന്നതാണ് സ്ത്രീ പുരുഷ അനുപാതം. കൗമാരമെത്തുന്നതിന് മുന്പ് ആണ്കുട്ടികൾക്കാണ് മൈഗ്രേൻ കൂടുതലായുണ്ടാകുന്നത്.
എന്നാൽ ആ പ്രായം കഴിഞ്ഞാൽ പെണ്കുട്ടികൾ തന്നെ മുന്നിൽ. നാല്പതു വയസുവരെ മൈഗ്രേനുണ്ടാകാനുള്ള സാധ്യത വർധിച്ചുകൊണ്ടിരിക്കുന്നു. ആ പ്രായം കഴിഞ്ഞ് സാധ്യത കുറഞ്ഞുവരും. ആർത്തവവുമായി ബന്ധപ്പെട്ട സ്ത്രൈണ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലാണ് സ്ത്രീകളിൽ പുരുഷന്മാരെക്കാൾ കൂടുതലായി മൈഗ്രേനുണ്ടാകാനുള്ള പ്രധാനകാരണം. സ്ട്രെസ്, ഉത്കണ്ഠ, വിഷാദാവസ്ഥ, ദാന്പത്യപ്രശ്നങ്ങൾ ഇവയൊക്കെ തരണം ചെയ്യാനുള്ള സ്ത്രീകളുടെ കഴിവുകുറവുതന്നെ മറ്റൊരു കാരണം. ഏതു നിസാര സംഘർഷാവസ്ഥയുണ്ടാകുന്പോൾ പോലും അവ മൈഗ്രേനിൽ കലാശിക്കുന്ന സ്ത്രീകളുണ്ട്.
(തുടരും)
വിവരങ്ങൾ – ഡോ. ശുഭ ജോർജ് തയ്യിൽ MBBS, MIHS, MNHF(USA),
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.