ചില മരുന്നുകളുടെ ഉപയോഗം മൈഗ്രേനു കാരണമാകുന്നുണ്ട്. ഹൃദ്രോഗ ചികിത്സയിലെ പ്രധാന മരുന്നായ ’നൈട്രേറ്റ്’ ചിലരിൽ ശക്തമായ തലവേദനയുണ്ടാക്കുന്നു.
തലയിലെ രക്തക്കുഴലുകൾ വികസിക്കുന്നതുമൂലമാണ് ഇതു സംഭവിക്കുന്നതും. തലയുടെ അമിതഭാരവും തലകറക്കം തുടങ്ങിയ ലക്ഷണങ്ങളും ഇതോടനുബന്ധിച്ചുണ്ടാകുന്നു.
വേഗത്തിൽ പ്രവർത്തനക്ഷമമാകുന്ന ’നൈട്രേറ്റു’കളാണ് ഈ വിധം തലവേദനയുണ്ടാക്കുന്നത്. ഇതിനു പരിഹാരം സാവധാനം അലിഞ്ഞു ചേരുന്ന ’നൈട്രേറ്റ് മിശ്രിതങ്ങൾ’തന്നെ.
ചിലപ്പോൾ മരുന്ന് ഒട്ടും തന്നെ രോഗിക്ക് പിടിച്ചില്ലെന്നു വരും. അപ്പോൾ അവ പൂർണമായി നിർത്തുകതന്നെ വേണം. ഗർഭ നിരോധന ഗുളികകൾ പതിവായി കഴിച്ചുകൊണ്ടിരിക്കുന്ന മിക്കവരിലും തലവേദന സാധാരണയായി കണ്ടുവരുന്നുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഈസ്ട്രജൻ ഹോർമോണാണ് കാരണക്കാരൻ.
പ്രത്യേകിച്ചും ഈസ്ട്രജൻ ഹോർമോണിന്റെ ഡോസിലുള്ള ഏറ്റക്കുറിച്ചിലുകളാണ് പ്രധാന ഹേതു.
വേദനസംഹാരികൾ പതിവാക്കിയാൽ
വേദനസംഹാരികളെല്ലാംതന്നെ താത്കാലിക ആശ്വാസത്തിനുവേണ്ടി മാത്രമേ ഉപകരിക്കുകയുള്ളൂ. തലവേദനയുടെ മൂലകാരണം തിരിച്ചറിഞ്ഞ് ചികിത്സാവിധേയമാകാത്തിടത്തോളം കാലം ഇത്തരം സംഹാരികളുടെ ഉപയോഗം കുറയുന്പോൾ മൈഗ്രേൻ വീണ്ടും പ്രകടമാകും.
ചിലപ്പോൾ ശക്തമായ ’റീബൗണ്ട് ഹെഡെയ്ക് ’ ഉണ്ടാകും. ചില ആന്റി ബയോട്ടിക്ക് മരുന്നുകൾ തലവേദനയുണ്ടാക്കും. തലവേദനയ്ക്കായി പലരും കൂടുതലായി ഉപയോഗിക്കുന്ന പാരസെറ്റാമോൾ ഗുളികകളുടെ ദുർവിനിയോഗം വൃക്കകളിൽ അപചയം ഉണ്ടാക്കാറുണ്ട്. ഫെനാസെറ്റിൻ കിഡ്നി എന്ന് ഈ വൃക്കരോഗത്തെ വിളിക്കുന്നു.
തലവേദനയുണ്ടാകുന്പോൾ കൂടുതലായി ഉപയോഗിക്കുന്ന മറ്റൊന്നാണ് വിവിധ ബാമുകൾ നെറ്റിയിൽ പുരട്ടുക എന്നത്. ബാം പുരട്ടുന്പോൾ ആ ഭാഗത്ത് അനുഭവപ്പെടുന്ന കടുത്ത നീറ്റലും മറ്റും കാരണം മൈഗ്രേൻ കുറഞ്ഞുവെന്നു തോന്നാറുണ്ട്.
’കൗണ്ടർ ഇറിറ്റന്റ്’ പ്രയോഗത്തിലൂടെയാണ് ഈ ആശ്വാസം ലഭിക്കുന്നതും. താത്കാലിക ആശ്വാസം മാത്രമാണ് ബാമിൽ നിന്ന് ലഭിക്കുന്നത.്
അമിതവെട്ടവും ഒച്ചയും
ചിലർക്ക് മൈഗ്രേൻ ഉണ്ടാകുന്ന സമയത്ത്, കൂടുതൽ വെളിച്ചം, ഉച്ചത്തിലുള്ള ശബ്ദം കേൾക്കുന്നത് തുടങ്ങിയ കാര്യങ്ങൾ അരോചകമായി അനുഭവപ്പെടാറുണ്ട്.
അതിന്റെ കാരണം പരിശോധിക്കാം. മൈഗ്രേൻരോഗികളുടെ നാഡിവ്യൂഹത്തിന്റെ സൂക്ഷ്മ സംവേദനശക്തി സാധാരണക്കാരേക്കാൾ വളരെ കൂടുതലാണ്.
തന്മൂലം കടുത്ത പ്രകാശരശ്മികളും ശബ്ദകോലാഹലങ്ങളും മൈഗ്രേൻ ഉണ്ടാക്കുന്ന ഉദ്ദീപന ഘടകങ്ങളാകുന്നു. അതുപോലെ കൊടിഞ്ഞിയുള്ള സമയത്ത് പ്രകാശമധികമുള്ള സ്ഥലങ്ങളിലും ശബ്ദായമാനമായ അന്തരീക്ഷത്തിലും പോയാൽ അതിന്റെ കാഠിന്യം വർധിക്കുന്നു.
വിവരങ്ങൾ – ഡോ. ശുഭ ജോർജ് തയ്യിൽ MBBS, MIHS, MNHF(USA), ഹെഡ് എയ്ക് സ്പെഷലിസ്റ്റ്. വെണ്ണല, കൊച്ചി.