ചില മരുന്നുകളുടെ ഉപയോഗം മൈഗ്രേനു കാരണമാകുന്നുണ്ട്. ഹൃദ്രോഗ ചികിത്സയിലെ പ്രധാന മരുന്നായ ’നൈട്രേറ്റ്’ ചിലരിൽ ശക്തമായ തലവേദനയുണ്ടാക്കുന്നു. തലയിലെ രക്തക്കുഴലുകൾ വികസിക്കുന്നതുമൂലമാണ് ഇതു സംഭവിക്കുന്നതും. തലയുടെ അമിതഭാരവും തലകറക്കം തുടങ്ങിയ ലക്ഷണങ്ങളും ഇതോടനുബന്ധിച്ചുണ്ടാകുന്നു. വേഗത്തിൽ പ്രവർത്തനക്ഷമമാകുന്ന ’നൈട്രേറ്റു’കളാണ് ഈ വിധം തലവേദനയുണ്ടാക്കുന്നത്.
ഇതിനു പരിഹാരം സാവധാനം അലിഞ്ഞു ചേരുന്ന ’നൈട്രേറ്റ് മിശ്രിതങ്ങൾ’തന്നെ. ചിലപ്പോൾ മരുന്ന് ഒട്ടും തന്നെ രോഗിക്ക് പിടിച്ചില്ലെന്നു വരും. അപ്പോൾ അവ പൂർണമായി നിർത്തുകതന്നെ വേണം. ഗർഭ നിരോധന ഗുളികകൾ പതിവായി കഴിച്ചുകൊണ്ടിരിക്കുന്ന മിക്കവരിലും തലവേദന സാധാരണയായി കണ്ടുവരുന്നുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഈസ്ട്രജൻ ഹോർമോണാണ് കാരണക്കാരൻ. പ്രത്യേകിച്ചും ഈസ്ട്രജൻ ഹോർമോണിന്റെ ഡോസിലുള്ള ഏറ്റക്കുറിച്ചിലുകളാണ് പ്രധാന ഹേതു.
വേദനസംഹാരികളെല്ലാംതന്നെ താത്കാലിക ആശ്വാസത്തിനുവേണ്ടി മാത്രമേ ഉപകരിക്കുകയുള്ളൂ. തലവേദനയുടെ മൂലകാരണം തിരിച്ചറിഞ്ഞ് ചികിത്സാ വിധേയമാകാത്തിടത്തോളം കാലം ഇത്തരം സംഹാരികളുടെ ഉപയോഗം കുറയുന്പോൾ മൈഗ്രേൻ വീണ്ടും പ്രകടമാകും. ചിലപ്പോൾ ശക്തമായ ’റീബൗണ്ട് ഹെയെയ്ക്’ ഉണ്ടാകും. ചില ആന്റി ബയോട്ടിക്ക് മരുന്നുകൾ തലവേദനയുണ്ടാക്കും.
തലവേദനയ്ക്കായി പലരും കൂടുതലായി ഉപയോഗിക്കുന്ന പാരസെറ്റാമോൾ ഗുളികകളുടെ ദുർവിനിയോഗം വൃക്കകളിൽ അപചയം ഉണ്ടാക്കാറുണ്ട്. ഫെനാസെറ്റിൻ കിഡ്നി എന്ന് ഈ വൃക്കരോഗത്തെ വിളിക്കുന്നു. തലവേദനയുണ്ടാകുന്പോൾ കൂടുതലായി ഉപയോഗിക്കുന്ന മറ്റൊന്നാണ് വിവിധ ബാമുകൾ നെറ്റിയിൽ പുരട്ടുക എന്നത്. ബാം പുരട്ടുന്പോൾ ആ ഭാഗത്ത് അനുഭവപ്പെടുന്ന കടുത്ത നീറ്റലും മറ്റും കാരണം മൈഗ്രേൻ കുറഞ്ഞുവെന്നു തോന്നാറുണ്ട്. ’കൗണ്ടർ ഇറിറ്റന്റ്’ പ്രയോഗത്തിലൂടെയാണ് ഈ ആശ്വാസം ലഭിക്കുന്നതും. താത്കാലിക ആശ്വാസം മാത്രമാണ് ബാമിൽ നിന്ന് ലഭിക്കുന്നത.്
മൈഗ്രേനു പിന്നിലെ ഏറ്റവും പ്രധാന കാരണം തലച്ചോറിലെ സവിശേഷ രാസവസ്തുവായ ’സെറോട്ടോണി’ന്റെ അപര്യാപ്തത തന്നെ. കുറച്ചുകൂടി വ്യക്തമാക്കിയാൽ സെറോട്ടോണിന്റെ അളവിലെ അസന്തുലിതാവസ്ഥ. മസ്തിഷ്ക സംവേദന പ്രവർത്തനങ്ങളിലേക്കുള്ള ഒരു പാലമാണെന്ന് പറയാം സെറോട്ടോണിൻ. വിഷാദാവസ്ഥ, ഉത്കണ്ഠ, ഉറക്കക്കുറവ്, വയറുവേദന തുടങ്ങിയവ അനുഭവപ്പെടുന്പോൾ സെറോട്ടോണിൻ അളവിൽ വ്യതിയാനമുണ്ടാകുന്നു. സെറോട്ടോണിൻ പെട്ടെന്നു കുറയുന്പോൾ മൈഗ്രേൻ ഉണ്ടാകുന്നു. അപ്പോൾ അതു പരിഹരിക്കുകയാണ് സുപ്രധാന നടപടി.
*ചുവന്ന വൈൻപോലുള്ള പാനീയങ്ങൾ മൈഗ്രേൻ ഉദ്ദീപിപ്പിക്കുമോ? മൈഗ്രേൻ കുറയ്ക്കുന്ന ഭക്ഷണപദാർഥങ്ങൾ ഉണ്ടോ?
ചുവന്ന വൈൻ മൈഗ്രേനുണ്ടാക്കുന്ന ശക്തമായ ട്രിഗറാണ്. ഇഞ്ചിനീര്, ഗ്രീൻ ചായ, നെയ്യും ബട്ടറും, ധാരാളം വെള്ളം കുടിക്കുക ഇവയെല്ലാം മൈഗ്രേനെ തടയുന്നു. ചൂടുള്ള ചോറിൽ അല്പം നെയ് ചേർത്ത് ആഹരിക്കുക, നിങ്ങൾക്ക് നല്ല മലശോധന ലഭിക്കും. മലബന്ധം തലവേദനയുണ്ടാക്കുന്നു. നിത്യേന ചെറിയ തോതിൽ നെയ്യ് കഴിക്കുന്നതും പഴകിയ തലവേദനയ്ക്കുള്ള ചികിത്സയാണ്. ഗ്രീൻ ചായയിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ തലവേദന തടയുന്നതിന് സഹായിക്കുന്നു. ഗ്രീൻടിയിൽ നാരങ്ങാ നീര് ചേർത്തു കുടിക്കുക.
*മൈഗ്രേൻ തലവേദനയുള്ളപ്പോൾ തല തണുപ്പിക്കുന്നതും ആശ്വാസം നൽകുമോ?
ശക്തമായ മൈഗ്രേനുണ്ടാകുന്പോൾ ഐസ്പായ്ക്ക് തലയിലും കണ്ണുകളുടെ മുകളിലും വയ്ക്കുന്നത് തലവേദനയുടെ ശക്തി കുറയാൻ സഹായിക്കും. വികസിച്ച രക്തക്കുഴലുകൾ ചുരുങ്ങിവരുന്നതിനും ഇതു സഹായകമാകും. ധമനികൾ അസാധരണമായി വികസിക്കുന്നതുമൂലം തലവേദനയുടെ കാഠിന്യം വർധിക്കുന്നു.