കൊച്ചി: സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ അഭിമാന പദ്ധതിയായി മാറിയ കൊച്ചി മെട്രോ തകര്‍ത്തോടുകയാണ്. പ്രധാനമന്ത്രിയെ കൊണ്ടു വന്ന് മനോഹരമായി ഉദ്ഘാടനവും നടത്തി സംസ്ഥാന സര്‍ക്കാര്‍ മെട്രോ ഓടിച്ചു. ഇ. ശ്രീധരന്‍ എന്ന മെട്രോമാന്‍ നേതൃത്വം നല്‍കിയ പദ്ധതിയ്ക്കായി രാപകലെന്നില്ലാതെ പണിയെടുത്തത് മറുനാടന്‍ തൊഴിലാളികളാണ്. ഉദ്ഘാടന ദിവസം ഇവരെ കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ ആദരിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ മെട്രോ വിജയമായപ്പോള്‍ ഇവരെ എല്ലാവരും ബോധപൂര്‍വം അങ്ങു മറന്നു. ഇപ്പോള്‍ പുറത്തു വരുന്ന കഥകള്‍ നെറികേടിന്റേതാണ്.
മെട്രോ യാഥാര്‍ഥ്യമാക്കാനായി അഹോരാത്രം പണിയെടുത്ത തൊഴിലാളികള്‍ക്ക് ചെയ്ത പണിക്കുള്ള കൂലി പോലും ലഭിച്ചിട്ടില്ലെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മെട്രോ തൊഴിലാളികള്‍ നടത്തുന്ന പണിമുടക്ക് പത്താം ദിവസവും തുടരുകയാണ്. ഇതേത്തുടര്‍ന്ന് കലൂര്‍ മുതല്‍ മഹാരാജാസ് വരെയും കടവന്ത്ര മുതല്‍ വൈറ്റില വരെയുമുള്ള മെട്രോ നിര്‍മ്മാണം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ഈ ഭാഗത്തെ നിര്‍മ്മാണ കരാര്‍ എടുത്തിരിക്കുന്നത് സോമ കണ്‍സ്ട്രക്ഷന്‍സാണ്. ഈ കരാര്‍ കമ്പനിക്കു കീഴിലുള്ള 242 തൊഴിലാളികളാണ് പണിമുടക്കുന്നത്.
പണിമുടക്കിയ തൊഴിലാളികള്‍ താമസിക്കുന്ന ഏലൂരിലെ ഫാക്ട് മെട്രോ യാര്‍ഡിലേക്ക് സോമ കണ്‍സ്ട്രക്ഷന്‍സിലെ മാനേജര്‍മാരെ പ്രവേശിപ്പിക്കാതെ ഗേറ്റടച്ചിട്ടിരിക്കുകയാണ്. അതേസമയം പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഒരു തൊഴിലാളി സംഘടന പോലും രംഗത്തെത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. തൊഴിലാളി സ്‌നേഹവും വിപ്ലവവും പറയുന്ന പല സംഘടനകളും സമരം കണ്ടില്ലെന്നു നടിക്കുകയാണ്. തങ്ങള്‍ക്ക് ആറു മാസത്തെ ശമ്പളം കുടിശ്ശിക ഉണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്. മാസം 13,000 രൂപ മുതല്‍ 25,000 രൂപ വരെയാണ് ഇവരില്‍ പലരുടെയും മാസ ശമ്പളം. ആഹാരം കഴിക്കാനുള്ള പണം പോലുമില്ലാത്ത അവസ്ഥയിലാണ് തൊഴിലാളികളില്‍ പലരും. വീട്ടിലേക്ക് പണമയച്ചിട്ട് മാസങ്ങളായെന്നും ഇവര്‍ പറയുന്നു. ആറുമാസമായതിനാല്‍ ശമ്പള കുടിശ്ശിക കിട്ടിയിട്ടേ ഇനി ജോലിക്ക് കയറുന്നുള്ളൂവെന്നും തൊഴിലാളികള്‍ പറയുന്നു.
എന്നാല്‍ ജിഎസ്ടിയെ പഴിചാരി രക്ഷപ്പെടാനാണ് സോമ കണ്‍സ്ട്രക്ഷന്‍സിന്റെ ശ്രമം. ഏപ്രില്‍, മെയ്, ജൂണ്‍ മാസത്തെ ശമ്പളം മാത്രമാണ് കുടിശ്ശികയുള്ളതെന്നും രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ ഇതുകൊടുക്കുമെന്നും കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ മാനേജര്‍ പറയുന്നു. ഹൈദരാബാദില്‍ നിന്നാണ് ഇവരുടെ ശമ്പളം പാസായി വരേണ്ടതെന്നും ഇയാള്‍ വാദിക്കുന്നു.
എന്നാല്‍ ജിഎസ്ടി. നിലവില്‍ വരുന്നതിനു മുമ്പുള്ള മാസങ്ങളിലും ശമ്പളം നല്‍കിയിട്ടില്ലെന്നാണ് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നത്. ശമ്പളംനല്‍കാതെ ജിഎസ്ടിയുടെ പേരു പറഞ്ഞ് തങ്ങളെ കബളിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും തൊഴിലാളികള്‍ പറയുന്നു. തൊഴിലാളികള്‍ പണിമുടക്കിയതോടെ യാര്‍ഡിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. പണിമുടക്കിനെ തുടര്‍ന്ന് പ്രധാന ഗേറ്റ് തൊഴിലാളികള്‍ പൂട്ടി. കഴിഞ്ഞ ആറ് മാസമായി പണിയെടുപ്പിച്ച് അവധികള്‍ പറഞ്ഞ് ബുദ്ധിമുട്ടിക്കുകയാണെന്ന് തൊഴിലാളികളുടെ ആരോപണം. പ്രദേശത്തെ കടകളില്‍നിന്ന് വാങ്ങിയ സാധനങ്ങളുടെ പണം പോലും കൊടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇവര്‍ പറയുന്നു.
അതേസമയം മെട്രോയുടെ ഉദ്ഘാടന സമയത്ത് നിര്‍മ്മാണത്തിന് രാപകലില്ലാതെ വിയര്‍പ്പൊഴുക്കിയവര്‍ക്ക് ആദരം നല്‍കിയവര്‍ പോലും ഇപ്പോള്‍ ഇവരുടെ ദുരന്തം കണ്ടില്ലെന്നു നടിക്കുകയാണ്. കൊച്ചിയുടെ മെട്രോ യാഥാര്‍ത്ഥ്യമാക്കാന്‍ വിയര്‍പ്പൊഴുക്കിയതില്‍ നല്ല പങ്കും അന്യസംസ്ഥാന തൊഴിലാളികളാണ്. കരാറുകാര്‍ ബംഗാളില്‍ നിന്നും ബിഹാറില്‍ നിന്നുമെല്ലാമാണ് നിര്‍മ്മാണ തൊഴിലാളികള്‍ കൊച്ചിയിലേക്കെത്തിച്ചത്. എറണാകുളം ടി.ഡി. റോഡിലെ എസ്.എസ്. വിദ്യാമന്ദിറില്‍ സദ്യ ഉള്‍പ്പെടെ ഒരുക്കിയാണ് തൊഴിലാളികളെ അന്ന് ആദരിച്ചത്. ഇന്ന് സദ്യ പോയിട്ട് ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ വിഷമിക്കുകയാണിവര്‍.