ദീപാവലിക്ക് നാട്ടില്പ്പോകുന്നതിന് അവധി ചോദിച്ചപ്പോള് കൊടുക്കാതിരുന്ന മുതലാളിയ്ക്ക് എട്ടിന്റെ പണി കൊടുത്ത് അന്യസംസ്ഥാന തൊഴിലാളി.
അവധി കിട്ടാനായി ജോലി ചെയ്തിരുന്ന മില്ലിന് തീയിടുകയാണ് ഉത്തര്പ്രദേശ് സ്വദേശിയായ തൊഴിലാളി ചെയ്തത്. മില്ലിന് 10 ലക്ഷം രൂപയുടെ നാശനഷ്ടവുമുണ്ടായി.
ഉദുമല്പേട്ടിനടുത്ത് അന്തിയൂരിലുള്ള മില്ലിലെ പഞ്ഞിക്കും യന്ത്രങ്ങള്ക്കും തീയിട്ടാണ് ഉത്തര്പ്രദേശ് സ്വദേശിയായ ആര് അജയ് (24) അവധിയ്ക്കുള്ള വഴി തേടിയത്. അജയിനെ പൊലീസ് അറസ്റ്റുചെയ്തു.
മൂന്നാഴ്ച മുന്പാണ് അന്തിയൂരിലുള്ള സ്വകാര്യമില്ലില് അജയ് ജോലിക്കുചേര്ന്നത്. ദീപാവലിക്ക് നാട്ടിലേക്കുപോകാന് അവധി ചോദിച്ചെങ്കിലും ലഭിച്ചില്ലെന്ന് പോലീസ് പറയുന്നു.
ഇതോടെ മില്വളപ്പില് അടുക്കിവെച്ചിരുന്ന പരുത്തിക്ക് അജയ് തീയിടുകയായിരുന്നു. തീ പടര്ന്ന് യന്ത്രങ്ങളും കത്തിനശിച്ചു.
അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. തുടര്ന്ന്, സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചപ്പോഴാണ് അജയ് ആണ് തീവെച്ചതെന്ന് കണ്ടെത്തിയത്.
അപകടത്തെത്തുടര്ന്ന് കമ്പനി കുറച്ചുനാളത്തേക്ക് അടച്ചാല് നാട്ടിലേക്ക് പോകാനാവുമെന്ന് കരുതിയാണ് തീവെച്ചതെന്ന് ചോദ്യംചെയ്യലില് അജയ് മൊഴിനല്കിയതായി പോലീസ് പറഞ്ഞു.
മില്ലിലെ മാനേജര് സെന്തില് കുമാര് കൊടുത്ത പരാതിയിലാണ് പോലീസ് കേസെടുത്തത്.