കേരള സര്‍ക്കാര്‍ മലയാളികളേക്കാള്‍ കരുതല്‍ നല്‍കിയാണ് ലോക്ക്ഡൗണ്‍ കാലത്ത് ഇതര സംസ്ഥാന തൊഴിലാളികളെ പരിചരിച്ചിരുന്നത്. ഇവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ ട്രെയിന്‍ സൗകര്യവും ഏര്‍പ്പെടുത്തിക്കൊടുത്തു.
എന്നാല്‍ ഇങ്ങനെ നാട്ടിലെത്താന്‍ തിടുക്കം കാട്ടിയ തൊഴിലാളികളില്‍ ഭൂരിഭാഗവും ഇപ്പോള്‍ നാട്ടിലെ ക്യാമ്പുകളില്‍ കഴിയുകയാണ്. വേണ്ടത്ര ഭക്ഷണമോ മറ്റു സൗകര്യങ്ങളോ ഒന്നും ഇവര്‍ക്ക് ലഭിക്കുന്നുമില്ല.
പലരും തങ്ങളുടെ ദുരവസ്ഥ കേരളത്തിലെ സുഹൃത്തുക്കളെയും മറ്റും അറിയിക്കുന്നുണ്ട്. കേരളത്തില്‍നിന്നു ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കു പോയ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കാണ് ഈ ദുര്യോഗമുണ്ടായിരിക്കുന്നത്.
ബിഹാറിലെ കടിഹാര്‍ ജില്ലയിലെ ഒരു ക്യാംപില്‍ കഴിയുന്ന കേരളത്തില്‍നിന്നു പോയവരുള്‍പ്പെടെയുള്ള 90 നടുത്ത് തൊഴിലാളികള്‍ നേരത്തിന് ഭക്ഷണമോ കുടിവെള്ളമോ പോലും ലഭിക്കാതെ കഷ്ടപ്പെടുകയാണ്.
കേരളത്തില്‍ തിരൂരില്‍നിന്നു പുറപ്പെട്ടവരുള്‍പ്പെടെ 34 പേരാണ് കടിഹാറിലെ നൗറസിയ സ്കൂളിലെ ക്യാംപിലുള്ളത്. ഡല്‍ഹിയില്‍നിന്നു വന്നവരും ഈ ക്യാംപിലുണ്ട്.
നേരത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും തങ്ങള്‍ കുടിക്കുന്നത് കുഴല്‍ കിണറിലെ മലിനജലമാണെന്നും ഇവര്‍ അയച്ച വീഡിയോ സന്ദേശത്തില്‍ പറയുന്നു.
ഒരിക്കല്‍പോലും ആരോഗ്യപ്രവര്‍ത്തകര്‍ ഇവരെ സന്ദര്‍ശിച്ചിട്ടില്ല. പട്നയിലെ ധാനാപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിയ ഇവരെ ബസുകളിലാണ് അതത് ജില്ലകളില്‍ എത്തിച്ചത്.
14 ദിവസത്തെ ക്വാറന്റൈയിന് നിശ്ചയിച്ച് സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള ക്യാംപുകളിലേക്ക് മാറ്റുകയായിരുന്നു.
എന്തായാലും കേരളത്തില്‍ ലഭിച്ച പരിരക്ഷ സ്വന്തം നാട്ടില്‍ കിട്ടുകയില്ലെന്ന യാഥാര്‍ഥ്യം മനസ്സിലാക്കുകയാണ് മിക്കവരും ഇപ്പോള്‍.