കോട്ടയം: മൂന്നുകിലോഗ്രാം കഞ്ചാവുമായി കോട്ടയത്ത് എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് പിടികൂടിയ ഇതര സംസ്ഥാന തൊഴിലാളി അറിയപ്പെട്ടിരുന്നതു പൊറോട്ട ഭായി എന്ന പേരിൽ.
അസം ബർപട്ടാ സർത്തേബരി ജബ്റികുച്ചി ഇന്ദ്രജിത്ത് സർക്കാരി (25) നെയാണ് എക്സൈസ് അധികൃതർ പിടികൂടിയത്.
കഞ്ചാവ് വേണ്ട ഇതര സംസ്ഥാനക്കാർ ഉൾപ്പെടെയുള്ളവർ പൊറോട്ട ഭായിയെ മൊബൈലിൽ വിളിച്ചാൽ പറയുന്ന സ്ഥലത്ത് കൃത്യ സമയത്ത് കഞ്ചാവ് എത്തിക്കും.
റെഡി ക്യാഷ് നല്കണമെന്നു മാത്രം. കോട്ടയത്തും സമീപ പ്രദേശങ്ങളിലുമായി നിരവധി ഹോട്ടലുകളിൽ പൊറോട്ട അടിക്കുന്ന ജോലിയാണ് ഇയാൾ ചെയ്തിരുന്നത്.
ഇതോടെയാണ് ഇയാൾക്കു പൊറോട്ട ഭായി എന്ന പേര് വീണത്. അടുത്ത നാളിൽ പൊറോട്ട അടിക്കുന്ന ജോലിക്ക് ഇയാൾ പോകാറില്ലായിരുന്നു.
വിവിധ സ്ഥലങ്ങളിൽ കറങ്ങി നടന്നു കഞ്ചാവ് വിൽപ്പനയായിരുന്നു നടത്തിയിരുന്നതെന്ന് എക്സൈസ് അധികൃതർ പറയുന്നു.
മാസത്തിൽ ഒന്നും രണ്ടും തവണ ഇയാൾ ആസാമിൽ പോയി തിരികെ എത്തിയിരുന്നു. ആസാമിലേക്കു പോകുന്നതു വിമാനത്തിലും തിരികെ കഞ്ചാവുമായി എത്തിയിരുന്നതു ട്രെയിനിലുമായിരുന്നു.
ട്രെയിനിൽ വരുന്പോൾ വസ്ത്രങ്ങൾ സൂക്ഷിക്കുന്ന പെട്ടിയിൽ പ്രത്യേക അറയുണ്ടാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. മുന്പും ഇയാൾ പല തവണയായി ജില്ലയിലേക്കു കഞ്ചാവ് എത്തിച്ചിട്ടുണ്ട്.
മാസത്തിൽ രണ്ടും മൂന്നും തവണ ഇയാൾ വിമാനത്തിൽ ആസാമിലേക്കു പോകുന്നതു ശ്രദ്ധയിൽപ്പെട്ടതോടെ എക്സൈസ് അധികൃതർ നിരീക്ഷിച്ചുവരികയായിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞു 2.45നു നാട്ടകം സിമന്റ് കവലയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. നാട്ടകം പ്രദേശത്ത് വൻ തോതിൽ ഇതര സംസ്ഥാന തൊഴിലാളികൾ കഞ്ചാവുമായി എത്തുന്നതായി വിവരം ലഭിച്ചതോടെ എക്സൈസ് സംഘം ഇവിടെയും നിരിക്ഷണം നടത്തിയിരുന്നു.
ഇതിനിടെയാണ് ഇന്ദ്രജിത്ത് കഞ്ചാവുമായി ട്രെയിൻ മാർഗം എത്തുന്നതായി എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം എം. അസീസിനു രഹസ്യ വിവരം ലഭിക്കുന്നത്. തുടർന്നു റെയ്ഡ് നടത്തി ഇയാളെ എക്സൈസ് കമ്മീഷണർ സ്ക്വാഡ് പിടികൂടിയശേഷം എക്സൈസ് സ്പെഷൽ സ്ക്വാഡിനു കൈമാറുകയായിരുന്നു.
കമ്മിഷണർ സ്ക്വാഡ് ഇൻസ്പെക്ടർ വൈശാഖ് വി.പിള്ള, എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം.സൂരജ്, കമ്മിഷണർ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, സ്ക്വാഡ് അംഗങ്ങളായ കെ.എൻ. സുരേഷ് കുമാർ, എം. അസീസ് തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.