കൊച്ചി: സംസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളികൾ പ്രതികളായ അക്രമസംഭവങ്ങള്‍ വര്‍ധിക്കുമ്പോഴും അധികൃതർക്ക് ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ല. ജോലിക്കായി എത്തുന്ന തൊഴിലാളികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്നു പരിശോധിക്കാന്‍ കാര്യമായ സംവിധാനങ്ങളുമില്ല. തൊഴിലുടമകൾ മുഖേന അതത് പോലീസ് സ്റ്റേഷനില്‍ വിവരം കൈമാറിയാൽ അവരുടെ പശ്ചാത്തലം പരിശോധിക്കുമെന്നു മാത്രം.
ഇതുപ്രകാരം സര്‍ക്കാരിന്റെ കണക്കില്‍ 4,26,519 ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങളാണുള്ളത്. ഇതില്‍ 1,368 പേര് ക്രിമിനല്‍ സ്വഭാവമുള്ളവരാണെന്നാണു കണ്ടെത്തല്‍. വിവിധ ജില്ലകളിലായി ഇതരസംസ്ഥാന തൊഴിലാളികളുടെ പേരില്‍ 1126 കേസുകൾ നിലവിലുണ്ട്. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി സര്‍ക്കാരിന്റെ രേഖകളിലുള്ളതിന്റെ നാലിരട്ടി ഇതരസംസ്ഥാനക്കാർ താമസിക്കുന്നുണ്ട്.
ആലുവയില്‍ അഞ്ചുവയസുകാരി ക്രൂര പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ തൊഴില്‍ വകുപ്പ് അതിഥി ആപ്പ് മുഖേന തൊഴിലാളികളുടെ വിവരശേഖരണം നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും സംഭവം നടന്ന് ഒരു വര്‍ഷം തികയാറായിട്ടും ഒന്നും നടപ്പാക്കിയിട്ടില്ല.
ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പലരും വിമുഖത കാട്ടുകയാണ്. രജിസ്റ്റര്‍ ചെയ്യുന്നതില്‍നിന്നു തൊഴിലാളികളെ ഏജന്റുമാര്‍ പിന്തിരിപ്പിക്കുന്ന സംഭവങ്ങളുമുണ്ട്. ഫോട്ടോ നല്‍കുന്നതിനും ചില തൊഴിലാളികള്‍ തയാറാകുന്നില്ല. തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകള്‍ ഇവരെ എത്തിക്കുന്ന ഏജന്റുമാര്‍ സൂക്ഷിക്കണമെന്നാണു നിയമമെങ്കിലും അതും നടക്കാറില്ല.
ഇവരുള്‍പ്പെടുന്ന കുറ്റകൃത്യം നടന്നാല്‍ പ്രതികളിലേക്ക് പോലീസിന് എത്താന്‍ കഴിയാത്തതും വെല്ലുവിളിയാണ്. പലരുടെയും കൈവശമുള്ളത് വ്യാജ തിരിച്ചറിയല്‍ രേഖകളാണ്. വ്യാജരേഖകള്‍ നിര്‍മിക്കുന്ന ഏജന്റുമാര്‍ സംസ്ഥാനത്ത് ഉണ്ടെന്നാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ നല്കുന്ന വിവരം.