രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും അതിരൂക്ഷമായതോടെ രണ്ടാം ലോക്ഡൗണ്‍ ആശങ്കയുമുയരുകയാണ്. ലോക്ഡൗണ്‍ സാധ്യത മുമ്പില്‍ കണ്ട മുംബൈയില്‍ നിന്നും കുടിയേറ്റ തൊഴിലാളികള്‍ സ്വദേശത്തേക്ക് വ്യാപകമായി സ്വദേശത്തേക്ക് മടങ്ങുകയാണ്.
മുംബൈ നഗരത്തില്‍ 30 ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികളാണുള്ളത്. ഞായറാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതും വാരാന്ത്യ ലോക്ഡൗണ്‍ കൊണ്ടുവരുന്നതുമാണ് തൊഴിലാളികളെ ആശങ്കയിലാക്കിയത്.
മഹാരാഷ്ട്രയിലെ കോവിഡ് വ്യാപനം 400 ശതമാനം കണ്ട് ഉയര്‍ന്നതോടെയാണ് ജനങ്ങളില്‍ രണ്ടാം ലോക്ഡൗണിനെ കുറിച്ച് ആശങ്ക ഉയര്‍ന്നത്.
രാജ്യത്ത് പത്ത് കോടിയിലേറെ കുടിയേറ്റ തൊഴിലാളികളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ദിവസക്കൂലിയാണ് ഇവരുടെ ഏക വരുമാനമാര്‍ഗം. ഒരു ദിവസം പണിക്ക് പോയില്ലെങ്കില്‍ ഉപജീവനം പ്രതിസന്ധിയിലാകുന്ന അവസ്ഥ.
രോഗം മൂലം അവധിയെടുത്താല്‍ പ്രതിഫലവുമുണ്ടാകില്ല. കോവിഡ് മഹാമാരിയുടെ കാലത്തും ഇതുതന്നെയാണ് ഇവരുടെ ജീവിതാവസ്ഥ.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അവസാനം മുതല്‍ ജൂണ്‍ ഒന്ന് വരെ നീണ്ട സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ രാജ്യത്ത് 40 കോടിയോളം ജനങ്ങളെയാണ് ദുരിതത്തിലാക്കിയത്.
തെരുവോര ഭക്ഷണശാലകളും ഫാക്ടറികളും നിര്‍മ്മാണ മേഖലയുമടക്കം സ്തംഭിച്ചതോടെ വലിയൊരു വിഭാഗം തൊഴിലാളികളും പട്ടിണിയിലായിരുന്നു.
മുംബൈയില്‍ ജീവിക്കുന്ന കുടിയേറ്റ തൊഴിലാളികളില്‍ ഏറെയും ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്.
ഏപ്രില്‍ എട്ട് വരെ ഉത്തര്‍പ്രദേശിലെ പല നഗരങ്ങളിലേക്കുമുള്ള ട്രെയിന്‍ സര്‍വീസുകള്‍ മുഴുവന്‍ ബുക്ക് ചെയ്തു കഴിഞ്ഞു.
2020ലെ ലോക്ഡൗണ്‍ കാലത്ത് ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ തമ്പടിച്ചത്. അതിനു സമാനമായ അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ ഇപ്പോഴത്തെ പോക്ക്.