മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം താരം മുഹമ്മദ് ഷാമിയെ വേണ്ടി വന്നാൽ അറസ്റ്റ് ചെയ്യുമെന്ന് പോലീസ്. ഷാമിയുടെ ഭാര്യ ഹാസിൻ ജഹാന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഷാമിക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മാനഭംഗ ശ്രമം, കൊലപാതശ്രമം, ഭാര്യയെ ദേഹോപദ്രവം ഏൽപ്പിക്കുക, ക്രൂരമായി മുറിവേൽപ്പിക്കൽ, ഭീഷണിപ്പെടൽ എന്നീ കുറ്റങ്ങളാണ് ഷാമിക്കെതിരേ ചുമത്തിയിരിക്കുന്നത്.
ഷാമിയുടെ അമ്മ, സഹോദരി, സഹോദരൻ, സഹോദര ഭാര്യ എന്നിവർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ഷാമിയെ തത്ക്കാലം അറസ്റ്റ് ചെയ്യുന്നില്ലെങ്കിലും അന്വേഷണവുമായി സഹകരിക്കാതിരുന്നാൽ അറസ്റ്റ് ചെയ്യുമെന്ന് ജോയിന്റ് കമ്മീഷണർ പ്രവീൺ ത്രീപാഡി അറിയിച്ചു. ഇവർക്ക് ഉടനെ നോട്ടീസ് അയയ്ക്കുമെന്നും പോലീസ് പറഞ്ഞു.
രണ്ടു വർഷമായി ഷാമി തന്നെ നിരന്തരമായി പീഡിപ്പിക്കുകയാണെന്ന് ഹസിൻ ഫേസ്ബുക്കിലൂടെ ആദ്യം ആരോപിച്ചത്. ഇതിന്റെ പിന്നാലെയാണ് പോലീസിൽ പരാതി നൽകിയത്. ഷാമിക്ക് ഒരു പാക്കിസ്ഥാൻകാരിയുമായും ദുബായിലുള്ള സ്ത്രീയുമായും ബന്ധമുണ്ടെന്ന് ഹസിൻ ആരോപിച്ചു.
കോഹ്ലിയെപ്പോലെ ബോളിവുഡ് താരത്തെ വിവാഹം ചെയ്യാനാണ് ഷാമിക്ക് താത്പര്യമെന്നും അവർ ആരോപിച്ചു. ഷാമി പാക്കിസ്ഥാനി യുവതിയുമായി നടത്തിയ ചാറ്റിന്റെ സ്ക്രീൻ ഷോട്ടാണു തെളിവായി അവർ പുറത്തുവിട്ടിരുന്നു.
ഷമി മറ്റു സ്ത്രീകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും ഹസിൻ പോസ്റ്റ് ചെയ്തു. ഈ സ്ത്രീകളുടെ മൊബൈൽ നന്പർ ഉൾപ്പെടെയുള്ള വിശദ വിവരങ്ങളും ഹസിൻ പുറത്തുവിട്ടു. 2015 ജൂലൈയിൽ തങ്ങൾക്കു പെണ്കുഞ്ഞു പിറന്ന ശേഷമാണു ഷമി പീഡിപ്പിക്കാൻ തുടങ്ങിയത്.
ദക്ഷിണാഫ്രിക്കൻ പര്യടനം കഴിഞ്ഞു നാട്ടിലേക്കു വരുന്ന വഴിയിൽ ഷമി ദുബായിൽ ഇറങ്ങിയെന്നും അവിടെ മറ്റൊരു സ്ത്രീയോടൊപ്പം കഴിഞ്ഞതായും ഹസിൻ ആരോപിച്ചു. ഭർത്താവിന്റെ ഫോണിൽനിന്നാണ് ഇതിനുള്ള തെളിവുകൾ കണ്ടെത്തിയതെന്നും ഹസിൻ പറഞ്ഞു.
ധർമശാലയിൽ തന്നെയും കൂടെ കൊണ്ടുപോകാൻ അഭ്യർഥിച്ചെങ്കിലും ഷമി വിസമ്മതിച്ചു. അവിടെയെത്തിയ ശേഷം ഫോണിൽ വിളിച്ച് അധിക്ഷേപിച്ചതായും ഹസിൻ പറഞ്ഞു. ഭാര്യയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന മറുപടിയുമായി ഷമി രംഗത്തെത്തിയിരുന്നു. തന്റെ കരിയർ തകർക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുകയാണെന്നും ഇന്ത്യൻ താരം ആരോപിച്ചു.