തിരുവനന്തപുരം: മൈക്ക് കേടായതിലും മുദ്രാവാക്യം വിളിയിലും അസ്വാഭാവികതയുണ്ടെന്ന് സിപിഎം നേതാവ് എ.കെ.ബാലൻ. സത്യാവസ്ഥ വ്യക്തമാക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ദൗർഭാഗ്യകരം: കെ. മുരളീധരൻ
തിരുവനന്തപുരം: മൈക്ക് സെറ്റ് തകരാറായ സംഭവത്തിൽ കേസെടുത്ത നടപടി ദൗർഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ എംപി രാഷ്ട്രദീപികയോട് പറഞ്ഞു.
കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. കേസ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൈക്കിന്റെ സാങ്കേതിക തകരാർ പത്ത് സെക്കന്റിനകം പരിഹരിച്ചു.
പാർട്ടിയുടെ മിക്ക പരിപാടികളിലും മൈക്ക് സെറ്റ് പ്രവർത്തിപ്പിക്കുന്ന പരിചയസന്പന്നനായ വ്യക്തിയാണ് മൈക്ക് സെറ്റിന്റെ ഉടമയും ഓപ്പറേറ്റർമാരും. ബോധപൂർവം മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്താൻ ആരും ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസ് പിൻവലിക്കണമെന്ന്
തിരുവനന്തപുരം: കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടതിന് കേസെടുത്തത് പിൻവലിക്കണമെന്ന് മൈക്ക് ഉടമകളുടെ സംഘടന ആവശ്യപ്പെട്ടു.
മൈക്ക് ഹൗളിംങ്ങ് വന്നതിന് ഉപയോഗിച്ച മൈക്ക് സെറ്റ് ഉപകരണങ്ങൾക്കും മൈക്ക് ഉടമയ്ക്കും എതിരെ കേരള പോലീസ് നടപടിയെടുത്തതും ഉപകരണങ്ങൾ പിടിച്ചെടുത്തതും പ്രതിഷേധാർഹമാണെന്ന് മൈക്ക് ഉടമകളുടെ സംഘടന പ്രസ്താവനയില്‍ പറഞ്ഞു.