തിരുവനന്തപുരം: മുഖ്യമന്ത്രി പങ്കെടുത്ത ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിൽ മൈക്ക് തകരാറായ സംഭവം പൊതുസുരക്ഷയെ ബാധിക്കുന്നതെന്ന് പോലീസിന്റെ എഫ്ഐആർ. പോലീസ് കസ്റ്റഡിയിലെടുത്ത മൈക്ക് സെറ്റും അനുബന്ധ ഉപകരണങ്ങളും ഇന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പരിശോധനയ്ക്ക് വിധേയമാക്കും.
കഴിഞ്ഞ ദിവസം കെപിസിസിയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ട ി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെയാണ് മൈക്കിൽനിന്നു ഹൗളിംഗ് ഉണ്ടായത്.
ഇത് മനഃപൂർവം സൃഷ്ടിച്ചതാണെന്ന സംശയത്തിലാണ് പോലീസ് കേസെടുത്തത്. പൊതുസുരക്ഷയെ ബാധിക്കുന്ന വിധത്തിൽ പ്രവർത്തിച്ചുവെന്ന പോലീസിന്റെ എഫ്ഐആറിൽ ആരെയും പ്രതിയാക്കിയിട്ടില്ല.
കന്റോണ്മെന്റ് പോലീസാണ് കേസെടുത്ത് മൈക്ക് സെറ്റ് കസ്റ്റഡിയിലെടുത്തത്.അനുസ്മരണപരിപാടിയിലുണ്ടായ തിരക്കിനിടയിൽ ആളുകളുടെ കൈ കണ്സോളിൽ തട്ടിയതിനാലാണ് മൈക്കിൽനിന്നു മുഴക്കമുണ്ടായതെന്നാണ് മൈക്ക് സെറ്റ് ഉടമ രഞ്ജിത്ത് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയത്. പത്ത് സെക്കന്റിനുള്ളിൽ തന്നെ തകരാർ പരിഹരിച്ചു.
വിഐപിയുടെ സംസാരം മനഃപൂർവം ആരും തടസപ്പെടുത്തില്ലെന്നും ഉടമ പറഞ്ഞു.സാധാരണ എല്ലാ പരിപാടികൾക്കും ഹൗളിംഗൊക്കെ പതിവാണ്. ഇന്നലെ രാവിലെ പോലീസ് ആംപ്ലിഫയറും മൈക്കും ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു.
ഇതെല്ലാം വിദഗ്ധ പരിശോധനയ്ക്കു ശേഷം തിരിച്ചു തരാമെന്നാണ് പറഞ്ഞതെന്ന് രഞ്ജിത്ത് പറയുന്നു. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ പങ്കെടുത്ത പരിപാടികളിലെല്ലാം തന്റെ മൈക്ക് സെറ്റ് പ്രവർത്തിപ്പിച്ചിട്ടുണ്ട്.
രാഹുൽഗാന്ധിക്ക് സ്ഥിരമായി മൈക്ക് നൽകാറുണ്ട്. ഇതുപോലെയുള്ള ഹൗളിംഗ് സാധാരണമാണ്. നേരത്തെ ഇതുപോലെ ഒന്നിനും കേസ് വന്നിട്ടില്ലെന്നും രഞ്ജിത്ത് പറയുന്നു.
കഴിഞ്ഞ പതിനേഴ് വർഷക്കാലത്തിനിടെ കേസ് വരുന്നത് ആദ്യത്തെ അനുഭവമാണെന്നും എസ്.വി. സൗണ്ട ്സ് ഉടമ രഞ്ജിത്ത് പറഞ്ഞു.
അതേസമയം സംഭവത്തിൽ പരിശോധന മാത്രമാണ് നടക്കുന്നതെന്നും ഇലക്ട്രിക്കൽ ഇൻസ്പെക്റേറ്റിൽ പരിശോധനയ്ക്കയക്കാൻ കേസെടുക്കണമെന്നും പോലീസ് വിശദീകരിക്കുന്നു.
അത് കൊണ്ടാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സംഭവത്തോടനുബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ വന്നപ്പോൾ പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.