ഛണ്ഡീഗഡ്: ഇന്ത്യയുടെ ഇതിഹാസ കായികതാരം മിൽഖ സിംഗ് (91) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച രാത്രി 11.30നായിരുന്നു അന്ത്യം.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓട്ടക്കാരനായ മില്‍ഖ സിംഗ് പറക്കും സിംഗ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. മില്‍ഖ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഏക ഇന്ത്യക്കാരനാണ്.
1958, 1962 വര്‍ഷങ്ങളില്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മില്‍ഖ സിംഗ് 1956 മെല്‍ബണ്‍ ഒളിമ്പിക്സിലും 1960 റോം ഒളിമ്പിക്സിലും 1964 ടോക്കിയോ ഒളിമ്പിക്സിലും ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചു. രാജ്യം മിൽഖ സിംഗിന് പത്മശ്രീ നൽകി ആദരിച്ചിരുന്നു.
മിൽഖ സിംഗിന്റെ ഭാര്യയും ഇന്ത്യൻ വനിതാ വോളിബോൾ ടീം മുൻ ക്യാപ്റ്റനുമായ നിർമൽ കൗർ (85) കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസമാണ് മരിച്ചത്.