ന്യൂഡല്‍ഹി: അത്ലറ്റിക്സിലെ ഇന്ത്യയുടെ ഇതിഹാസ താരം പറക്കും സിഖ് മില്‍ഖാ സിംഗിന്റെ മകള്‍ മോന മില്‍ഖാ സിംഗ് കോവിഡ്-19നെതിരേയുള്ള പോരാട്ടത്തില്‍.
അമേരിക്കയിലെ ഒരു ആശുപത്രിയില്‍ കോവിഡ് രോഗികളെ പരിശോധിക്കുന്നതില്‍ വ്യാപൃതയായിണിപ്പോള് മോന. മകളുടെ ഈ ദൗത്യത്തില്‍ താന്‍ അഭിമാനിക്കുകയാണെന്ന് മില്‍ഖ സിംഗ് പറഞ്ഞു. മകളുടെ കാര്യത്തില്‍ ആകുലതയുണ്ടെങ്കിലും ഡോക്ടറുടെ ഉത്തരവാദിത്തത്തെ മാനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മില്‍ഖ സിംഗ് ചണ്ഡിഗഢിലെ സെക്ടര്‍ എട്ടിലെ വീട്ടിലാണ്. ഭാര്യ നിര്‍മല്‍ കൗറും മകനും ഗോള്‍ഫ് താരവുമായ ജീവ് മില്‍ഖാ സിംഗും അദ്ദേഹത്തിനൊപ്പം വീട്ടിലുണ്ട്.
ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റണ്‍ ആശുപത്രിയിലെ ഡോക്ടറാണ് മില്‍ഖയുടെ മകള്‍ ഡോ. മോന സിംഗ്. 20 വര്‍ഷത്തോളമായി അമേരിക്കയില്‍ ഡോക്ടറാണ് അമ്പത്തിനാലുകാരിയായ മോന.
കോവിഡ് മൂലം അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളുടെ വാര്‍ഡിലാണ് മോനയ്ക്ക് ഡ്യൂട്ടി. 45 ദിവസമായി ഇതേ ഡ്യൂട്ടിയിലാണ് അവർ. 12 മണിക്കൂറാണ് ഷിഫ്റ്റ്. നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള നഗരമാണ് ന്യൂയോര്‍ക്ക്.
കുടുംബത്തിലുള്ളവരുമായി സംസാരിക്കാറുണ്ടെന്നും. ഇതില്‍ അച്ഛനോടും സഹോദരന് ജീവ് മില്‍ഖ സിംഗിനോടും സംസാരിച്ചു. അവരാണ് തനിക്ക് ആത്മവിശ്വാസം നല്‍കുന്നത് മോന മില്‍ഖ സിംഗ് ഫോണിലൂടെ പറഞ്ഞു.