കാനഡയിലെ മോണ്ട്റീലിലുള്ള രണ്ടു വയസുകാരൻ മിക്കാ ഗബ്രിയേൽ മാസൻ ലോപസിന് ഡോക്ടർമാർ നൽകിയ നിർദേശം ഏവരേയും അന്പരപ്പിച്ചിരിക്കുകയാണ്. കുട്ടിക്ക് ആഹാരം കൊടുക്കാതെ വളർത്താനാണ് ഡോക്ടർമാർ മാതാപിതാക്കളോടു പറഞ്ഞിരിക്കുന്നത്.
ഫുഡ് പ്രോട്ടീൻ ഇൻഡ്യൂസ്ഡ് എന്ററോകോളിറ്റിസ് സിൻഡ്രോം ബാധിച്ചിരിക്കുന്ന മിക്കായ്ക്ക് ആകെ കഴിക്കാവുന്നത് പീച്ച് പഴങ്ങൾ മാത്രമാണ്. വേറെന്തു കഴിച്ചാലും അലർജി രൂപത്തിൽ അത് മിക്കയെ പീഡിപ്പിക്കും. ആറാം മാസത്തിൽ രോഗം തിരിച്ചറിഞ്ഞതുമുതൽ മാസം തോറും ഒന്പതു വ്യത്യസ്ത സ്പെഷലിസ്റ്റുകളുടെ ചികിത്സയുടെ ബലത്തിലാണ് മിക്കയുടെ ജീവിതം.
ചികിത്സച്ചെലവിനുള്ള പണം കണ്ടെത്തുന്നതിനു പുറമേ മിക്കയുടെ അച്ഛനമ്മമാർ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി പീച്ച് പഴങ്ങൾ കണ്ടെത്തുന്നതാണ്. ഫ്രഷ് പഴങ്ങൾ തന്നെ വേണംതാനും. ഏതെങ്കിലും തരത്തിൽ സംസ്കരിച്ചോ തണുപ്പിച്ചോ സൂക്ഷിച്ച പഴം കഴിച്ചാൽ മിക്കയ്ക്ക് രോഗം മൂർച്ഛിക്കും. സീസണല്ലാത്തപ്പോൾ ജൈവരീതിയിൽ ഉല്പാദിപ്പിച്ച ഫ്രഷ് പഴങ്ങൾ കിട്ടാൻ സാധ്യതതീരെയില്ല താനും. എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് മിക്കയുടെ അച്ഛനമ്മമാർ.