കൊച്ചി: പള്ളിയിലെ വികാരിയച്ചൻ സ്നേഹപൂർവം സമ്മാനമായി നൽകുന്ന ചെറിയ മിഠായി പോലും വീട്ടിൽ കൊണ്ടുപോയി മാതാപിതാക്കൾക്കും അനുജന്മാർക്കും അനുജത്തിമാർക്കും പങ്കുവച്ചു നൽകുന്ന മൂത്ത മകൾ മരിയ- പങ്കുവയ്ക്കലിന്റെ മാതൃക ജീവിതത്തിൽ പകർത്തുന്ന സഹോദരങ്ങൾ. എട്ടു മക്കളുടെ മാതാപിതാക്കളായ മിക്കിക്കും സുമയ്ക്കും ഈ പങ്കുവയ്ക്കലിന്റെ വിശേഷങ്ങൾ കുടുംബത്തിലെ ശീലങ്ങളുടെ ഭാഗമാണ്.
കൂടുതൽ മക്കൾ ഭാരമാണെന്നു കരുതുന്ന പുതിയ കാലത്തിനു മുന്നിലാണു കൊച്ചി കുന്പളം കല്ലുപുരയ്ക്കൽ മിക്കിയും സുമയും നിറഞ്ഞ സന്തോഷത്തോടെ എട്ടു മക്കൾക്കു ജന്മം നൽകിയത്. വലിയ കുടുംബത്തോടുള്ള സഭയുടെ ആദരവറിയിച്ച്, എട്ടാമത്തെ കുഞ്ഞിന്റെ മാമ്മോദീസയും മൂന്ന് ആണ്മക്കളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടത്താൻ ഇന്നലെ എറണാകുളം - അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ എത്തി.
നാൽപ്പത്തൊന്പതുകാരനായ മിക്കിയുടെയും സുമയുടെയും മൂത്ത മകൾ മരിയ 11-ാം ക്ലാസ് വിദ്യാർഥിനിയാണ്. ആൻ, ജോനാഥ്, ജോസഫ്, പിയോ, മൈക്കിൾ, ഏലീശ്വ, ഡാമിയൻ എന്നിവരാണു മറ്റു മക്കൾ. ഡാമിയന്റെ മാമ്മോദീസയാണ് ഇന്നലെ നടന്നത്. ജോനാഥ്, ജോസഫ്, പിയോ എന്നിവർ ഇന്നലെ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു. നേരത്തെ ചങ്ങനാശേരി പുളിങ്കുന്ന് ഇടവകാംഗമായിരുന്ന മിക്കിയുടെ മറ്റു മക്കളുടെ മാമ്മോദീസയ്ക്കും മെത്രാന്മാരുടെ അനുഗ്രഹ സാന്നിധ്യമുണ്ടായിരുന്നു.
എട്ടാമത്തെ കുഞ്ഞിനു ഗർഭാവസ്ഥയിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെങ്കിലും അദ്ഭുതകരമായി ജീവനിലേക്കു മടങ്ങിയെത്തുകയായിരുന്നു. കൂടുതൽ മക്കൾ ദൈവത്തിന്റെ ദാനവും അനുഗ്രഹവുമാണ്. വലിയ സന്തോഷത്തോടെയാണു മക്കളെ കാണുന്നത്. സന്തോഷങ്ങളിലും സങ്കടങ്ങളിലും പരസ്പരം ഉൾക്കൊണ്ടും പങ്കുവച്ചും ജീവിക്കാനും അവർ സ്വാഭാവികമായി പഠിക്കുന്നുവെന്നും അവർ പറഞ്ഞു.
എറണാകുളം കുന്പളം സെന്റ് മേരീസ് പള്ളിയിലാണ് മിക്കി - സുമ ദന്പതികളുടെ എട്ടാമത്തെ കുഞ്ഞിന്റെ മാമ്മോദീസയും ആദ്യകുർബാന സ്വീകരണവും നടന്നത്. നിത്യജീവിതത്തിലെ പ്രതിസന്ധികളിൽ കൂടുതൽ മക്കളുള്ള കുടുംബാന്തരീക്ഷത്തിൽ നിന്നു ദൈവികമായ ആനന്ദവും ആശ്വാസവും കണ്ടെത്തുന്ന ഈ ദന്പതികൾ മാതൃകയാണെന്നു മാർ ജോസ് പുത്തൻവീട്ടിൽ ഓർമിപ്പിച്ചു.
കൂടുതൽ മക്കൾക്കു ജന്മം നൽകിയതിലൂടെ ജീവന്റെ സന്ദേശമാണ് ഈ ദന്പതികൾ സഭയ്ക്കും സമൂഹത്തിനും നൽകുന്നതെന്നു വികാരി ഫാ. ജോണ് പൊള്ളച്ചിറ പറഞ്ഞു.
സിജോ പൈനാടത്ത്