രാജകുമാരി: മിക്കിമൗസ് എന്ന കാർട്ടൂണ്‍ കഥാപാത്രത്തിന്റെ മുഖസാദൃശ്യമുള്ള പുഷ്പങ്ങൾ ഹൈറേഞ്ചിനു കൗതുക കാഴ്ചയാകുന്നു.
സേനാപതി മാർ ബേസിൽ സ്കൂളിലാണ് ഒക്ക്നാ പ്ലാന്റ് എന്ന ചെടി പൂവിട്ടിരിക്കുന്നത്. ഈ ചെടി ഏഷ്യൻ – ആഫ്രിക്കൻ രാജ്യങ്ങളുടെ വനങ്ങളിൽമാത്രം കണ്ടുവരുന്ന അപൂർവ ഇനമാണ്.
വ്യത്യസ്തമായ കാലാവസ്ഥയെ അതിജീവിക്കാൻ കഴിവുള്ളവയാണ് ഈ ചെടിയുടെ പൂക്കൾ.
നിരവധി ഒൗഷധ സസ്യങ്ങൾ നട്ടുപരിപാലിക്കുന്ന സ്കൂൾ അധികൃതർക്ക് ഒൗഷധസസ്യങ്ങളുടെ തൈകൾക്ക് ഒപ്പം തൊടുപുഴയിൽനിന്നാണ് ചെടി ലഭിച്ചത്.
സാധാരണ വരണ്ട പ്രദേശങ്ങളിൽ കണ്ടുവരുന്ന ഇവയ്ക്ക് തണുപ്പുള്ള കാലാവസ്ഥയും അതിജീവിക്കാൻ കഴിയും. മറ്റ് ചെടികളുടെ തണൽ പറ്റിയാണ് ഇവ വളരുക.
രണ്ടുതരത്തിലുള്ള പൂക്കളാണ് ഈ ചെടിയിൽ വിരിയുന്നത്. സാധാരണ പുഷ്പങ്ങൾപോലെ മഞ്ഞ നിറത്തിലുള്ള പൂക്കളും മിക്കി മൗസ് പൂക്കളും വിരിയും.
ഇതിൽ മിക്കി മൗസാണ് ഏറെ ആകർഷകം. മൂന്ന് മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചെടിയുടെ മഞ്ഞ പൂക്കൾ കൊഴിഞ്ഞുകഴിയുന്പോഴാണ് മിക്കി മൗസ് രൂപപ്പെടുന്നത്.
ഇതിൽ പറ്റിപ്പിടിച്ചിരിക്കുന്ന വിത്തുകൾ കൊഴിഞ്ഞുപോകുന്ന ഭാഗമാണ് കണ്ണുകൾ ആയി മാറുന്നത്. ബാഹ്യ ദളങ്ങൾ ചെവി പോലെയും തോന്നുന്നതുകൊണ്ടാണ് മിക്കി മൗസ് എന്ന് അറിയപ്പെടുന്നത്.