വി.എസ്. ഉമേഷ്
കൊച്ചി: ഏഴു ഭൂഖണ്ഡങ്ങളിലെയും അഗ്നിപര്‍വതങ്ങള്‍ കീഴടക്കുകയെന്ന സ്വപ്നത്തിലേക്ക് രണ്ടാം ചുവടുംവച്ച് ആലപ്പുഴക്കാരി മിലാഷ ജോസഫ് ഇറാനിലെ ദാമവന്തിലേക്ക് നടന്നുകയറിയപ്പോള്‍ വഴിമാറിയത് ചരിത്രം.
പ്രതികൂല കാലാവസ്ഥയായതിനാല്‍ പര്‍വതത്തിന്റെ ഏറ്റവും ഉയര്‍ന്ന പോയിന്റിനു 500 മീറ്റര്‍ താഴെ വച്ച് യാത്ര അവസാനിപ്പിക്കേണ്ടി വന്നെങ്കിലും ദാമവന്ത് കയറുന്ന ആദ്യ മലയാളിയെന്ന പേരു ചേര്‍ക്കാന്‍ മിലാഷയ്ക്കായി.
കഴിഞ്ഞ ജൂണ്‍ 29നാണ് ഇറാനിലെ ടെഹ്റാനും കാസ്പിയന്‍ കടലിനുമൊക്കെ സമീപമുള്ള 18,402 അടി (5609 മീറ്റര്‍) ഉയരമുള്ള (ഏഷ്യയിലെ ഏറ്റവും ഉയരമുള്ള അഗ്നിപര്‍വതം,
ലോകത്തില്‍ ഉയരത്തില്‍ 12-ാമതുള്ള കൊടുമുടി) ദാമവന്തിന്റെ മുകളില്‍ ഭാരതത്തിന്റെ ദേശീയപതാക മിലാഷ പാറിച്ചത്.
ഏതു പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിക്കാന്‍ സ്ത്രീകള്‍ക്കാകുമെന്നും ജീവിതം കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്ഢ്യത്തിന്റേതുമാണെന്ന തിരിച്ചറിവു കൂടിയാണ് അഗ്നിപര്‍വതങ്ങള്‍ താണ്ടാനുള്ള തന്റെ തീരുമാനത്തിനു പിന്നിലെന്ന് മിലാഷ ദീപികയോടു പറഞ്ഞു.
മൂന്നു മാസത്തെ വ്യായാമങ്ങളും തയാറെടുപ്പുകളും നടത്തിയ ശേഷം ജൂണ്‍ 27നാണ് മലകയറാന്‍ ആരംഭിച്ചത്. 5100 മീറ്റര്‍ കയറിയപ്പോള്‍ കടുത്ത ചൂടും (42 ഡിഗ്രി സെല്‍ഷ്യസ്) പര്‍വതത്തില്‍ നിന്നുള്ള സള്‍ഫറിന്റെ പുറന്തള്ളലും മൂലം 30നു തിരികെ ഇറങ്ങുകയായിരുന്നു. ഇന്ത്യയില്‍ നിന്ന് ഇതുവരെ മിലാഷയടക്കം നാലു പേരാണ് ദാമവന്ത് കയറിയതെന്നാണ് അനൗദ്യോഗിക വിവരം.
ഇറാന് എക്സ്പ്ലൊറേഷന്‍സ് എന്ന സാഹസിക ഏജന്‍സി വഴിയായിരുന്നു മിലാഷയുടെ ദാമവന്തിലേക്കുള്ള യാത്ര. ഗൈഡിനെ കൂടെ കൂട്ടിയിരുന്നു.
ഭാഷയും ഭക്ഷണവുമായിരുന്നു യാത്രയിലെ പ്രധാന വെല്ലുവിളികള്‍. പ്രദേശവാസികള്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം കുറവാണെന്നതും മധുരമുള്ള ഭക്ഷണമാണ് ലഭിച്ചതെന്നതും ബുദ്ധിമുട്ടുണ്ടാക്കി.
കഴിഞ്ഞ നവംബറിലായിരുന്നു മിലാഷ കിളിമഞ്ജാരോ കീഴടക്കിയത്. അടുത്തത് ഏതു ഭൂഖണ്ഡത്തിലേക്കെന്നത് തീരുമാനിച്ചിട്ടില്ലെന്നും ഇറാനില്‍ നിന്നു ജോലി സ്ഥലമായ അയര്‍ലാന്‍ഡിലേക്ക് മടങ്ങിയെത്തിയ മിലാഷ പറഞ്ഞു.
ആലപ്പുഴ മാരാരിക്കുളം ചൊക്കംതറയില് റിട്ട. ഗവ. ഐടിഐ പ്രിന്‍സിപ്പല്‍ ജോസഫ് മാരാരിക്കുളത്തിന്റെയും ബിബി ജോസഫിന്റെയും മകളാണ് മിലാഷ.
ഫിനാന്‍സ് കണ്‍ട്രോളറായി അയര്‍ലാന്‍ഡില്‍ ജോലി ചെയ്യുകയാണ്. സഹോദരന് മിഖിലേഷ് ജോസഫ്.