വി.എസ്. ഉമേഷ്
കടുത്ത ചൂടും ഇടയ്ക്കിടെ പുറന്തള്ളുന്ന സള്‍ഫറും… ക്ലേശങ്ങളെ മറികടന്ന് അഗ്നിപര്‍വതത്തിന്റെ മൂര്‍ധാവില്‍നിന്ന് ഒരൽപം താഴെ മാറി മാതൃരാജ്യത്തിന്റെ പതാക വീശുമ്പോള്‍ ആലപ്പുഴ മാരാരിക്കുളം സ്വദേശിനി മിലാഷ ജോസഫിന്റെ മനസില്‍ ഏതു പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിക്കാന്‍ സ്ത്രീകള്‍ക്കാകുമെന്നും ജീവിതം കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്ഢ്യത്തിന്റേതുമാണെന്നുമുള്ള തിരിച്ചറിവു നൽകാനുള്ള ഒരുതിരിവെട്ടം കൂടി തെളിക്കാനായതിന്റെ ആഹ്ലാദമായിരുന്നു.
മൂന്നുമാസം നീണ്ട കഠിനാധ്വാനത്തിനൊടുവിലായിരുന്നു മലയാളികളുടെ കാൽപാടുകള് പതിയാത്ത, ഇറാനിലെ ദാമവന്ത് അഗ്നിപര്‍വതത്തിന്റെ മുകളിലേക്കു നടന്നുകയറിയത്.
കയറുന്തോറും ഉയര്‍ന്നുവന്ന ചൂടും, കൃത്യമായി പറഞ്ഞിട്ടും കേട്ടവര്‍ക്കു മനസിലാകാതെ പോയ ഭാഷയും, മധുരം നിറച്ച ഭക്ഷണവുമെല്ലാം പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും പര്വതാഗ്രത്തിനു 500 മീറ്റര്‍ താഴെവരെ മിലാഷ കയറിയെത്തിയതോടെ ചരിത്രവും (ദാമവന്ത് കയറുന്ന ആദ്യമലയാളിയായി മിലാഷ) വഴിമാറി.
ഇക്കഴിഞ്ഞ ജൂണ്‍ 29നാണ് ഇറാനിലെ ടെഹ്റാനും കാസ്പിയന്‍ കടലിനുമൊക്കെ സമീപമുള്ള 18,402 അടി (5609.2 മീറ്റര്‍) ഉയരമുള്ള ദാമവന്തിന്റെ (താത്കാലികമായെങ്കിലും സജീവമായ അഗ്നിപര്‍വതം) മുകളില്‍ മിലാഷ ഭാരതത്തിന്റെ ദേശീയപതാക പാറിച്ചത്.
ഏഷ്യയിലെ ഏറ്റവും ഉയരമുള്ള അഗ്നിപര്‍വതമാണിത്. ലോകത്തിലെ ഉയരമുള്ള 12ാമത്തെ കൊടുമുടിയും.
മൂന്നുമാസത്തെ വ്യായാമങ്ങളും തയാറെടുപ്പുകളും നടത്തിയ ശേഷം ജൂണ്‍ 27നാണ് പേര്‍ഷ്യന്‍ മിത്തോളജിയിലും ഏറെ പ്രാധാന്യമുള്ള മലകയറാന്‍ ആരംഭിച്ചത്.
5100 മീറ്റര്‍ കയറിയപ്പോള്‍ കടുത്ത ചൂടും (42 ഡിഗ്രി സെല്‍ഷ്യസ്) പര്‍വതത്തില്‍ നിന്നുള്ള സള്‍ഫറിന്റെ പുറന്തള്ളലും മൂലം 30നു തിരികെ ഇറങ്ങുകയായിരുന്നു.
10 ഡിഗ്രിയില്‍ നിന്നുമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ 42ഡിഗ്രിയുള്ള ഇടത്തേക്കെത്തുന്നതെന്നതും മലയിലെ ദ്വാരങ്ങളിലൂടെ പുറന്തള്ളുന്ന സള്ഫറുമെല്ലാം യാത്രയുടെ കാഠിന്യം വ്യക്തമാക്കും.
ബേസിക് ഇംഗ്ലീഷ് മാത്രമാണ് ഇവിടുത്തുകാര്‍ക്ക് അറിയാവൂ എന്നതിനാല്‍ കാര്യങ്ങള്‍ അവരെ കൃത്യമായി ധരിപ്പിക്കാനുമായിരുന്നില്ല.
ആകെ കിട്ടിയ മധുരമുള്ള ഭക്ഷണവും പ്രശ്നമായി. എങ്കിലും ദുഷ്കരമായ ദാമവന്ത് കയറാനായത് മിലാഷയെ തെല്ലൊന്നുമല്ല സന്തോഷിപ്പിക്കുന്നത്.
ഇന്ത്യയില്‍നിന്ന് ഇതുവരെ മിലാഷയടക്കം നാലുപേരാണ് ഇതുവരെ ദാമവന്ത് കയറിയിട്ടുള്ളതെന്നാണ് അനൗദ്യോഗിക വിവരം.
ഇറാന് എക്സപ്ലൊറേഷന്സ് എന്ന സാഹസിക ഏജന്‍സി വഴിയായിരുന്നു മിലാഷയുടെ ദാമവന്തിലേക്കുള്ള യാത്ര.
ക്ലൈമ്പിംഗ് പെര്‍മിറ്റ് എടുത്തശേഷം ഗൈഡിനെയും കൂടെ കൂട്ടിയായിരുന്നു മലകയറ്റം. ഭക്ഷണവും കൈയില്‍ കരുതി.
കഴിഞ്ഞ നവംബറിലായിരുന്നു മിലാഷ കിളിമഞ്ജാരോ കീഴടക്കിയത്. അഞ്ചുദിവസം കൊണ്ടാണ് മിലാഷ കിളിമഞ്ജാരോ കയറിയത്.
കിളിമഞ്ജാരോയില്‍ തണുപ്പും മഞ്ഞുവീഴ്ചയുമായിരുന്നെങ്കില് ദാമവന്തില് കൊടും ചൂടായിരുന്നു. ഉയരവും ഭൂപ്രദേശവും കാലാവസ്ഥയും വ്യത്യസ്തമായിരുന്നു രണ്ടിടത്തും.
ഇറാനിലേക്ക് എത്തുന്നതിലുള്ള ബുദ്ധിമുട്ട്, ഭാഷപരമായ പ്രശ്നം, ഭക്ഷണം തുടങ്ങിയ പ്രശ്നങ്ങളാണ് ഇന്ത്യന്‍ സഞ്ചാരികള്‍ ഇവിടേക്കെത്തുന്നതില്നിന്നു പിന്വലിയുന്നതെന്നാണ് മനസിലായതെന്ന് മിലാഷ പറയുന്നു.
അതേസമയം വിദേശ സഞ്ചാരികള്‍ ഏറെയെത്തുന്നുമുണ്ട്. വിദേശത്തെ താമസത്തിനിടയിലാണ് പര്‍വതാരോഹണമെന്ന ചിന്ത മിലാഷയില് രൂഢമൂലമായത്.
ഏഴ് അഗ്നിപര്‍വതങ്ങളും ഏഴ് പര്‍വതങ്ങളും കയറിയ ഗിന്നസ് റിക്കാര്‍ഡ് ജേതാവായ ബംഗളൂരു സ്വദേശി സത്യരൂപ് സിദ്ധാന്തയെ മാതൃകയാക്കി ഏഴു ഭുഖണ്ഡങ്ങളിലേയും ഉയരമേറിയ അഗ്നിപര്‍വതങ്ങള്‍ കീഴടക്കുകയെന്ന സ്വപ്നമാണ് മിലാഷയ്ക്ക്.
അടുത്തത് ഏതു ഭൂഖണ്ഡത്തിലേക്കെന്നത് തീരുമാനിച്ചിട്ടില്ലെന്നും ഇറാനില്‍നിന്നു ജോലിസ്ഥലമായ അയര്‍ലാന്‍ഡിലേക്ക് മടങ്ങിയെത്തിയ മിലാഷ പറഞ്ഞു.
ആലപ്പുഴ മാരാരിക്കുളം ചൊക്കംതറയില് റിട്ട. ഗവ. ഐടിഐ പ്രിന്‍സിപ്പല്‍ ജോസഫ് മാരാരിക്കുളത്തിന്റെയും ബിബി ജോസഫിന്റെയും മകളാണ് മിലാഷ.
ഫിനാന്‍സ് കണ്‍ട്രോളറായി അയര്‍ലാന്‍ഡില്‍ ജോലി ചെയ്യുകയാണ് ഇവര്‍. മിഖിലേഷ് ജോസഫാണ് സഹോദരന്. മിലാഷയുടെ സ്കൂള്‍ പഠനം കൊല്ലം ടികെഎം സെന്റിനറി പബ്ലിക് സ്കൂളിലായിരുന്നു.
ആലപ്പുഴ യുടിഐയില്നിന്നു ബിബിഎ നേടി. അയര്‍ലന്‍ഡിലെ ഡബ്ലിന്‍ ബിസിനസ് സ്കൂളില്‍നിന്ന് എംബിഎയും ഐസിഡി ബിസിനസ് സ്കൂളില്‍നിന്ന് എംഎ അക്കൗണ്ടിംഗ് ആന്‍ഡ് ഫിനാന്‍സും കരസ്ഥമാക്കി.