രാത്രി ടാക്സി വിളിച്ച് വീട്ടിലെക്കു പോകുന്നതിനിടെ ഡ്രൈവർക്ക് ഉറക്കം വന്നാൽ എന്തു ചെയ്യും? ഡ്രൈവറെ പിൻസീറ്റിലേക്കു മാറ്റി ഉറങ്ങാൻ വിട്ടശേഷം യാത്രക്കാരൻ സ്വയം ഡ്രൈവ് ചെയ്യുക! യാത്ര തുടരാനും അപകടം ഒഴിവാക്കാനും അതല്ലാതെ മറ്റു വഴിയില്ല. ഇതുപോലൊരു അപൂർവ അനുഭവം പങ്കുവയ്ക്കുകയാണു ബംഗളൂരുവിൽനിന്നുള്ള ഒരു യുവാവ്. ഐഐഎം ബിരുദധാരിയും ക്യാമ്പ് ഡയറീസ് ബംഗളൂരുവിന്റെ സ്ഥാപകനുമായ മിലിന്ദ് ചന്ദ്വാനിയാണ് തന്റെ അനുഭവം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
സംഭവം ഇങ്ങനെ: പുലർച്ചെ എയർപോർട്ടിൽനിന്നു മിലിന്ദ് ഒരു ടാക്സി വിളിച്ചു. യാത്ര ആരംഭിച്ച് കുറച്ചു കഴിഞ്ഞപ്പോഴേക്കും ഡ്രൈവർ ഉറക്കം തൂങ്ങാൻ തുടങ്ങി. വഴിയിൽ നിർത്തി ചായ കുടിക്കുകയും സിഗരറ്റ് വലിക്കുകയുമൊക്കെ ചെയ്തിട്ടും ഉറക്കം ഒഴിഞ്ഞില്ല. വിമാനത്താവളത്തിൽനിന്നു കുറെദൂരം ഇതിനകം പിന്നിട്ടിരുന്നു. വേറെ ടാക്സി കിട്ടാൻ വഴിയില്ല.
ഒടുവിൽ മിലിന്ദ് ഡ്രൈവറോട് ചോദിച്ചു. വാഹനം ഞാൻ ഓടിച്ചാലോ? ഡ്രൈവർ അപ്പോൾതന്നെ സമ്മതം മൂളി. ഡ്രൈവറെ പാസഞ്ചർ സീറ്റിൽ ഉറങ്ങാൻ വിട്ടിട്ട് മിലിന്ദ് വാഹനമോടിച്ചു ലക്ഷ്യസ്ഥാനത്തെത്തി. ‘ജീവിതം അപ്രതീക്ഷിതമായ വഴിത്തിരിവുകൾ നിറഞ്ഞതാണെന്നും ഡ്രൈവിംഗിലുള്ള നിങ്ങളുടെ കഴിവ് എപ്പോഴാണ് ഉപകാരപ്പെടുക എന്നു പറയാൻ സാധിക്കില്ലെന്നും’ മിലിന്ദ് ഇതോടൊപ്പം കുറിച്ചു.
ഡ്രൈവർ ഉറങ്ങുന്നതിനിടെ താൻ ഡ്രൈവ് ചെയ്യുന്നതിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തു. ഒരുപാടുപേരാണ് ഇതിന് കമന്റുകളുമായി എത്തിയത്. ചിലരൊക്കെ തങ്ങൾക്കുണ്ടായ സമാനമായ അനുഭവം പങ്കുവച്ചു. കാറോടിക്കുന്ന സമയത്തെല്ലാം ഡ്രൈവർ ഫോണിൽ അയാളുടെ കാമുകിയെ വിളിച്ചു സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും അത് കണ്ട് താൻ കാറോടിക്കട്ടെ എന്നു ഡ്രൈവറോട് ചോദിച്ചുവെന്നും ഒരാൾ കുറിച്ചു.