പാന്പാടി: ഇനി എടിഎം വഴി പാലും. ജില്ലയിൽ ആദ്യമായി മിൽക്ക് എടിഎം സ്ഥാപിക്കുന്നു. അരീപ്പറന്പ് ക്ഷീര സംഘത്തോടനുബന്ധിച്ചാണ് മിൽക്ക് എടിഎം സ്ഥാപിക്കുന്നത്.
പാന്പാടി ബ്ലോക്ക് പഞ്ചായത്ത് 15ഇന പദ്ധതിയിലുൾപ്പെടുത്തി മാലം ഡിവിഷനിലെ അരീപ്പറന്പ് ക്ഷീര സംഘവുമായി യോജിച്ചാണ് മിൽക്ക് എടിഎം സ്ഥാപിക്കാനുള്ള പദ്ധതി രൂപീകരിച്ചിരിക്കുന്നത്.
സർക്കാർ മേഖലയിൽ ആദ്യമായിട്ടാണ് മിൽക്ക് എടിഎം സ്ഥാപിക്കുന്നത്.
നിലവിൽ അങ്കമാലിയിലും പെരുന്പാവൂരിലുമുള്ള ഫ്ളാറ്റുകൾ കേന്ദ്രീകരിച്ചു രണ്ടു സ്ഥലങ്ങളിലാണ് മിൽക്ക് എടിഎം സ്ഥാപിച്ചിട്ടുള്ളത്.
ഇതു രണ്ടും സ്വകാര്യ വ്യക്തികൾ ചേർന്നാണ് സ്ഥാപിച്ചിരിക്കുന്നത്. മിൽക്ക് എടിഎം പ്രവർത്തന സജ്ജമാകുന്നതോടെ ആളുകൾക്ക് ഏതു സമയത്തും പാൽ വാങ്ങാൻ സാധിക്കും.
എടിഎം കാർഡ് ഉപയോഗിച്ചും പണം നിഷേപിച്ചും പാൽ സ്വീകരിക്കാവുന്ന എടിഎം മെഷീനാണ് സ്ഥാപിക്കുന്നത്.
10രൂപ മുതൽ നിക്ഷേപിച്ചാൽ യന്ത്രത്തിൽ നിന്നും പാൽ സ്വീകരിക്കാനാകുമെന്നതാണ് പ്രത്യേകത.
300 ലിറ്റർ സംഭരണശേഷിയുള്ള മെഷീനിൽ പാൽ കേടാകാതെ ശീതീകരിക്കാനുള്ള സംവിധാനവുമുണ്ട്. 24 മണിക്കൂറും ആവശ്യക്കാർക്കു പാൽ നൽകാനുള്ള ക്രമീകരണമാണ് ഏർപ്പെടുത്തുന്നത്.
ക്ഷീര വികസന വകുപ്പിന്റെ സാങ്കേതിക സഹായത്തിൽ രണ്ടുമാസത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ.
രണ്ടുലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തും രണ്ടു ലക്ഷം രൂപ ക്ഷീര സംഘവും മുടക്കിയാണ് മിൽക്ക് എടിഎം സ്ഥാപിക്കുന്നത്.
തൊട്ടടുത്ത ദിവസം മെഷീൻ സ്ഥാപിക്കുന്ന കന്പനിയുടെ പ്രതിനിധികൾ ബ്ലോക്ക് പഞ്ചായത്തിൽ എത്തി ക്ഷീരസംഘങ്ങളുമായി ചേർന്നു മിൽക്ക് എടിഎമ്മിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കും.
പരീക്ഷണാടിസ്ഥാനത്തിലാണ് അരീപ്പറന്പിൽ മിൽക്ക് എടിഎം സ്ഥാപിക്കുന്നത്. പദ്ധതി വിജയിച്ചാൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സഹകരണങ്ങൾ സംഘം വഴി കൂടുതൽ മിൽക്ക് എടിഎം സ്ഥാപിക്കാനുള്ള പദ്ധതിയുമുണ്ട്.