ശാസ്താംകോട്ട: പാൽ ഉല്പാദനത്തിൽ സ്വയം പര്യാപ്തത നേടാൻ കഴിഞ്ഞത് ഇടതു സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ വി.ശശി പറഞ്ഞു. ശൂരനാട് പുലിക്കുളത്തു നടക്കുന്ന ജില്ലാ ക്ഷീരോൽസവത്തിന്റെ ഭാഗമായുള്ള കലാസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാരിന്റെ നയങ്ങളുടെ ഭാഗമായി കയർ, കൈത്തറി, കശുവണ്ടി മേഖലകൾ ആകെ തകർന്നു. മുന്പ് കേന്ദ്ര സർക്കാർ ഇതുപോലുള്ള വ്യവസായങ്ങളെ സഹായിക്കുന്നതിനായി ഇത്തരം സഹകരണ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായങ്ങൾ നൽകിയിരുന്നു. ഇന്ന് ഇത്തരം ഗ്രാന്റുുകൾ പൂർണമായും നിർത്തലാക്കിയിരിക്കുകയാണ്.
ഇതു വഴി ആയിരക്കണക്കിന് പാവപ്പെട്ടവരാണ് ബുദ്ധിമുട്ടനുഭവിക്കുന്നത്. ക്ഷീരമേഖലയ്ക്ക് മാത്രമാണ് ഈ പ്രതിസന്ധി അതിജീവിക്കാൻ കഴിഞ്ഞിട്ടുള്ളത്. ക്ഷീരമേഖലയിലെ സർക്കാരിന്റെ ഇടപെടലുകൾ ശക്തമായതിനാലാണ് ഈ മേഖല തകരാതെ നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സുമ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എ.ഷീജ, എം.ദർശനൻ, ശശികല, ജില്ലാ പഞ്ചായത്ത് അംഗം കെ.ശോഭന, രാജീവ്, ഷീജാ ബീഗം, അനിത പ്രസാദ്, ഡെപ്യൂട്ടി ഡയറക്ടർ രവീന്ദ്രൻപിള്ള, ശിബി ചക്രവർത്തി, സജീവ് ആനയടി, കളിയ്ക്കത്തറ രാധാകൃഷ്ണൻ, രമാദേവി എന്നിവർ പ്രസംഗിച്ചു.