വൈപ്പിൻ: എടവനക്കാട് പഞ്ചായത്തിൽ 13-ാം വാർഡിൽ കറവപ്പശുവിനു പേ വിഷബാധ. സംഭവത്തെ തുടർന്ന് പാൽ വാങ്ങിയിരുന്നവർ ആശങ്കയിൽ. ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്തെത്തി അടിയന്തിര നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഭയപ്പെടേണ്ട കാര്യമില്ലെന്നും പാൽ കുടിച്ചവർ മുൻ കരുതൽ കുത്തിവയ്പ് എടുത്താൽ മതിയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ഈ വീട്ടിലെ വളർത്ത് നായ കുറച്ച് ദിവസങ്ങൾക്ക് ചത്തിരുന്നു. ഇതിനു പേ വിഷബാധയായിരുന്നോയെന്ന സംശയം ഉണ്ടായിരുന്നത്രേ. സംഭവം പുറത്തറിഞ്ഞതോടെ പാൽ വാങ്ങി കുടിച്ചവർ ആശങ്കയിലാണ്. കുറച്ച് നാൾ മുന്പ് ഒന്പതാം വാർഡിൽ ഒരു വീട്ടമ്മ പേ വിഷബാധയേറ്റ് മരിച്ചിരുന്നു.
ഇവരുടെ വീട്ടിൽ വളർത്തുന്ന നായയുടെ കടിയേറ്റതാണ് കാരണമെന്നാണ് അറിവ്. എടവനക്കാട് പഴങ്ങാട് വാച്ചാക്കൽ ചാത്തങ്ങാട് മേഖലകളിൽ തെരുവുനായ്കളുടെ വിഹാരം വളരെ കൂടുതലാണ്. നാട്ടുകാർ രാവും പകലും ഭീതിയോടെയാണ് റോഡിലൂടെ കടന്ന് പോകുന്നത്.