എം.വി. വസന്ത്
പാലക്കാട്: പാൽ വ്യവസായത്തിന്റെ ഏറ്റവും ഭീകരമുഖമാണു കൃത്രിമപ്പാൽ. ചേരുവകൾ കേട്ടാൽ ഞെട്ടിപ്പോകും- രാസവളമായ യൂറിയ, വെജിറ്റബിൾ ഓയിൽ, ബംഗളൂരുവിൽനിന്നെത്തിക്കുന്ന ഗുണനിലവാരം കുറഞ്ഞ പാൽപ്പൊടി, ടൂത്ത് പേസ്റ്റിൽ ഉപയോഗിക്കുന്ന വൈറ്റ്നർ, കൃത്രിമ കഞ്ഞിപ്പശ (സ്റ്റാർച്ച്) എന്നിവ!
തമിഴ്നാട്ടിലെ ഈറോഡ്, ധർമപുരി, സേലം എന്നിവിടങ്ങളിലെ സ്വകാര്യ പ്ലാന്റുകൾ ഭൂരിഭാഗവും ഇത്തരം കൃത്രിമപ്പാൽ നിർമാണ കേന്ദ്രങ്ങളാണ്.
കേരളത്തിലെ ചില സ്വകാര്യ കന്പനികളിലേക്കു പാലെത്തുന്നതും തമിഴ്നാട്ടിലെ ഇത്തരം കേന്ദ്രങ്ങളിൽനിന്നാണ്. ഇതിന്റെ ഗുണനിലവാരം പരിശോധിക്കാൻപോലും സംസ്ഥാനത്തെ ചെക്പോസ്റ്റുകളിലെ സംവിധാനം പര്യാപ്തമല്ല.
വളരെ വിലക്കുറവിൽ അവിടെനിന്നു ലഭിക്കുന്ന കൃത്രിമപ്പാൽ മിൽമയുടെ വിലയ്ക്കാണ് ഇവിടെ വിറ്റഴിച്ചുവരുന്നത്.
“മറിമായ’പ്പാലും വ്യാപകം
കൃത്രിമപ്പാലിൽ സന്പൂർണ കൃത്രിമമാണെങ്കിൽ മായപ്പാലിൽ മായക്കൂട്ടിന്റെ മറിമായമാണ്. യഥാർഥ പാലിൽ മായംചേർത്തു പാലിന്റെ അളവുകൂട്ടുന്ന തന്ത്രമാണിത്.
പാൽക്ഷാമം എത്ര രൂക്ഷമായാലും ആവശ്യാനുസരണം പാലെത്തിക്കാൻ കന്പനികൾ ആശ്രയിക്കുന്നതു മായപ്പാലിനെയാണ്.
എളുപ്പത്തിൽ പാലുണ്ടാക്കാമെന്നതും അധിക വൈദഗ്ധ്യം ആവശ്യമില്ലെന്നതും മായപ്പാലിന്റെ ഒഴുക്കിനു കാരണമായിട്ടുണ്ട്.
അന്പതുലിറ്റർ ശുദ്ധമായ പാലിൽ 75 ലിറ്റർ വെള്ളവും സ്റ്റാർച്ചും 20 ലിറ്റർ കവർപ്പാലും, പഞ്ചസാരയും ചേർത്താൽ 150 ലിറ്റർ മായപ്പാലുണ്ടാക്കാമെന്നാണു കണക്ക്.
മീനാക്ഷിപുരത്ത് മായം കലർന്ന 12,200 ലിറ്റർ പാൽ പിടികൂടി
ചിറ്റൂർ (പാലക്കാട്) : ഓണവിപണി ലക്ഷമിട്ട് തമിഴ്നാട്ടിൽനിന്നു മായം ചേർത്ത പാൽ കേരളത്തിലേക്ക് എത്തിത്തുടങ്ങി. ഇന്നലെ മീനാക്ഷിപുരം ചെക്പോസ്റ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പാൽ പരിശോധ കേന്ദ്രത്തിൽ എത്തിയ ടാങ്കറിലാണു മായം ചേർത്ത 12,200 ലിറ്റർ പാൽ കണ്ടെത്തിയത്.
തമിഴ്നാട് കൃഷ്ണഗിരിയിൽനിന്നു തൃശൂരിലേക്കു കൊണ്ടുവന്നതായിരുന്നു ഈ പാൽ. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാവുന്ന രാസവസ്തുവാണു പാലിൽ കലർത്തിയിരിക്കുന്നതെന്നു പരിശോധനയിൽ കണ്ടെത്തി.
പാലിന്റെ കൂടുതൽ പരിശോധനകൾക്കും തുടർനടപടികൾക്കുമായി മിൽക്ക് ടാങ്കർ ഭക്ഷ്യസുരക്ഷ വകുപ്പിന് കൈമാറി.
ഓണത്തോടനുബന്ധിച്ച് കൂടുതൽ പാൽ കേരളത്തിലേക്ക് എത്താൻ സാധ്യതയുള്ളതിനാൽ പരിശോധനകൂടുതൽ ഊർജിതമാക്കിയതായി ജില്ലാ ക്വാളിറ്റി കണ്ട്രോൾ ഓഫീസർ അറിയിച്ചു.