തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഇവിടെ പാലും തേനും ഒഴുക്കുമെന്ന് രാഷ്ട്രീയക്കാര്‍ വാഗ്ദാനം നല്‍കാറുണ്ട്. എന്നാല്‍ അതൊന്നും നടപ്പില്ലാത്ത കാര്യമാണെന്ന് ഏവര്‍ക്കും അറിയാം.
എന്നാല്‍ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ മുമ്പില്‍ ഒഴുകുന്ന പാല്പ്പുഴ കണ്ടതിന്റെ അമ്പരപ്പിലാണ് ഒരുകൂട്ടം ജനങ്ങള്‍.
യുകെയിലാണ് സംഭവം. പ്രദേശവാസികളെ അമ്പരപ്പിച്ചു കൊണ്ട് സമീപത്തുള്ള ഡുലെയ്സ് നദിയാണ് ഒരു പാല്‍പ്പുഴയായി മാറിയത്.
പക്ഷെ നടന്നത് ഇന്ദ്രജാലമൊന്നുമല്ല, ഒരു അപകടമായിരുന്നു, പാല് വണ്ടി മറിഞ്ഞുണ്ടായ അപകടം. നിറയെ പാലുമായി വന്ന ടാങ്കര്‍ മറിഞ്ഞാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന പാല് മൊത്തം നദിയിലേക്കൊഴുകി.
നദിയിലെ വെള്ളം മുഴുവന്‍ പാല് നിറമായി. മേയ് ലൂയിസ് എന്ന ഉപയോക്താവ് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ആറ് സെക്കന്‍ഡ് മാത്രമുള്ള വീഡിയോ നിരവധി പേരാണ് കണ്ടത്.
പാലത്തിന് മുകളില്‍ നിന്ന് പകര്‍ത്തിയ വീഡിയോയില്‍ നദിയാകെ ‘പാലൊഴുകും പുഴ’യായി കാണാം.
പാലിന് പകരം വണ്ടിയില്‍ തേനായിരുന്നെങ്കിലോ എന്ന് ഒരാള്‍ പ്രതികരിച്ചപ്പോള്‍ നദിയിലെ മത്സ്യങ്ങളുടെ എല്ലുകള്‍ക്കും പല്ലുകള്‍ക്കും പാലിലെ കാല്‍സ്യം നല്ല ബലം നല്‍കുമെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.
അതേസമയം നദി എത്രയും വേഗം ശുചീകരിച്ചില്ലെങ്കില്‍ ജല ജീവികള്‍ക്ക് ഭീഷണിയാകുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.