സ്വന്തം ലേഖകന്‍
കോഴിക്കോട്: ജ്യൂസില്‍നിന്ന് ‘കിക്ക്’ അടിക്കാന്‍ എത്തുന്നത് നിരവധി പേര്…ഒടുവില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ജ്യൂസ് കടയെ കുറിച്ചുള്ള പരാതി വ്യാപകമായതോടെ എക്സൈസ് നടപടിയെ ടുത്തു.
കോഴിക്കോട് ബീച്ചിലുള്ള ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളില്‍ എന്‍ഫോഴ്സ്മെന്റ് നാര്‍ക്കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് കുരു ഓയില്‍ രൂപത്തിലാക്കി മില്‍ക്ക് ഷെയ്ക്കില്‍ കലക്കി കൊടുക്കുന്നതായി കണ്ടെത്തുകയായിരുന്നു.
ഈ കടകളില്‍ മാത്രമല്ല മറ്റിടങ്ങളിലും സമാനമായി ജ്യൂസ് വഴി ‘കിക്ക്’ നല്‍കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം കടകള്‍ കര്‍ശന നിരീക്ഷണത്തിലാണെന്ന് കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.
ഈ കടയില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടാറുള്ളതെന്നാണ് പ്രദേശത്തുള്ളവരും മറ്റ് വ്യാപാരികളും പറയുന്നത്.
കൂടുതലായി എത്തുന്നതും യുവതീ-യുവാക്കള്‍ തന്നെ. ഇന്നലെ നടത്തിയ പരിശോധനയില്‍ ജ്യൂസ് സ്റ്റാളില്‍ നിന്നും ഹെംബ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേര്‍ത്ത 200 മില്ലി ദ്രാവകം പിടികൂടി. സ്ഥാപനത്തിനെതിരേ മയക്കുമരുന്ന് നിയമ പ്രകാരം കേസ് എടുത്തു.
സീഡ് ഓയില്‍ രാസപരിശോധനയ്ക്കായി കോഴിക്കോട് റീജിയണല്‍ കെമിക്കല്‍ ലാബില്‍ പരിശോധനയ്ക്കയച്ചു. പരിശോധനാഫലം ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കും.
അതുവരെ സ്ഥാപനം പ്രവര്‍ത്തിക്കുന്നതിന് തടസമില്ല. എന്നാല്‍ ഈ മിശ്രിതം ഉപയോഗിക്കരുതെന്ന് കർശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡല്‍ഹിയില്‍ നിന്നുമാണ് ഇത്തരത്തിലുളള കഞ്ചാവിന്റെ കുരു വരുന്നത്. ഇത്തരത്തിലുളള കൂടുതല്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി എക്സൈസ് സംശയിക്കുന്നുണ്ട്.
വിദ്യാര്‍ഥികള്‍ കൂടുതലായി ഇത്തരം സ്ഥാപനങ്ങളില്‍ എത്തുന്നുണ്ടോയെന്നും എക്സൈസ് സംഘം നിരീക്ഷിച്ചു വരുകയാണ്. രാസപരിശോധനാഫലത്തിനു ശേഷം തുടര്‍പടപടികള്‍ സ്വീകരിക്കും.
ഗുജറാത്തി സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന ജ്യൂസ് സ്റ്റാളില്‍ കഞ്ചാവ് ചെടിയുടെ അരി ഉപയോഗിച്ച് ഷെയ്ക്ക് അടിച്ചു വില്‍പ്പന നടത്തുന്നതായും ഇതിനെപ്പറ്റി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതായും എക്സൈസ് കമ്മീഷണര്‍ക്ക് പരാതി ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിര്‍ദേശാനുസരണം കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് നാര്‍ക്കോട്ടിക് സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ആര്. ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.