കോൽക്കത്ത: പാലും പഴവും കോന്പിനേഷൻ തീൻമേശയിൽ നമുക്കു സുപരിചതമാണ്. എന്നാൽ, പാലും തംസ് അപ്പും ചേർന്നൊരു കോന്പോയെക്കുറിച്ച് സങ്കൽപ്പിക്കാനാകുമോ! കോൽക്കത്തയിലെ ഒരു ധാബയിൽ വിളന്പുന്ന ഈ വിചിത്രപാനീയം സോഷ്യൽ മീഡിയയുടെ ഇഷ്ടം പിടിച്ചുപറ്റിയിരിക്കുകയാണ്. തംസ് അപ്പിനൊപ്പം തിളപ്പിച്ച പാൽ ചേർത്തു തയാറാക്കുന്ന ഈ ന്യൂജന്റെ പേര് “ദൂധ് കോള’.
കോൽക്കത്തയിലെ ഹരീഷ് മുഖർജി റോഡിലുള്ള ബൽവന്ത് സിംഗ് ഈറ്റിംഗ് ഹൗസിലാണ് “ദൂധ് കോള’ യുടെ പിറവി. കണ്ടന്റ് ക്രിയേറ്ററായ ആരാധന ചാറ്റർജിയാണ് ഈ വിചിത്ര റെസിപ്പി ലോകത്തിനു പരിചയപ്പെടുത്തിയത്. ദഹനപ്രശ്നങ്ങളെക്കുറിച്ച് ആകുലതകൾ വേണ്ടെന്നു പുത്തൻ ഐറ്റം പരീക്ഷിച്ച ആരാധന പറയുന്നു. നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്ക്കു ലഭിക്കുന്നത്.
സോഡയുടെയും പാലിന്റെയും സംയോജനം വിക്ടോറിയൻ ഇംഗ്ലണ്ടിലാണ് ആദ്യമായി പരീക്ഷിച്ചത്. എന്നാൽ അതിന്റെ കോള പതിപ്പ് പുറത്തിറങ്ങുന്നത് ഇതാദ്യമാണ്.