പരിയാരം: സൗജന്യപാല് വിതരണം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് അധികൃതര്‍ പുലിവാല് പിടിച്ചു; ഇന്നലെ നശിപ്പിച്ചുകളഞ്ഞത് നൂറ് ലിറ്ററിലേറെ പാല്. ഇക്കഴിഞ്ഞ ഒന്ന് മുതലാണ് ബിപിഎല്‍ രോഗികള്‍ക്ക് സൗജന്യമായി പാലും റൊട്ടിയും വിതരണം ആരംഭിച്ചത്.
പാല് ചൂടാക്കി നല്‍കാത്തതിനെ തുടര്‍ന്ന് തുടക്കത്തില്‍ തന്നെ പരിപാടി അലങ്കോലമാവുകയും ചെയ്തിരുന്നു. പിന്നീട് മെഡിക്കല്‍ കോളജ് അധികൃതര്‍ ഇടപെട്ട് ഇവിടെ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ സൊസൈറ്റിയുടെ കാന്റീനുമായി ബന്ധപ്പെട്ട് ഒരാളില്‍ നിന്ന് രണ്ട് രൂപക്ക് പാല് ചൂടാക്കി നല്കാന് ധാരണയിലെത്തിയിരുന്നു.
മെഡിക്കല്‍ കോളജില്‍ നിന്ന് പാല് വാങ്ങി അരകിലോമീറ്ററോളം നടന്ന് കാന്റീനിലെത്തി ക്യൂനിന്നാണ് രോഗികളും കൂട്ടിരിപ്പുകാരും ഇപ്പോള്‍ പാല് ചൂടാക്കി കുടിക്കുന്നത്.
ഇന്നലെ പാല് ചൂടാക്കുമ്പോള്‍ കരിഞ്ഞ് പാത്രത്തിനടിയില്‍ ഒട്ടിപ്പിടിച്ചതിനാല്‍ ഉപയോഗിക്കാനാവാതെ ഈ പാല് മുഴുവന്‍ ഒഴുക്കികളഞ്ഞ് നശിപ്പിക്കുകയായിരുന്നുവെന്ന് രോഗികള്‍ പറഞ്ഞു.
ഇപ്പോള്‍ പയ്യന്നൂരിലെ സഹകരണ സൊസൈറ്റിയില്‍ നിന്നും എത്തിക്കുന്ന പാല് അളന്ന് നല്‍കുകയാണ് ചെയ്യുന്നത്. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും രോഗികള്‍ക്ക് നല്കുന്ന പാല് വിതരണം ചെയ്യുന്നത് മില്‍മയാണ്.
ഇവിടെയും മില്‍മാ പാല് തന്നെ രോഗികള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ജനകീയാരോഗ്യവേദി കണ്‍വീനര്‍ എസ്.ശിവസുബ്രഹ്മണ്യന് ആരോഗ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.