ചവറ: ദേശീയപാതയ്ക്ക് സമീപമുള്ള തടിമിൽ കത്തി നശിച്ചതിനെ തുടർന്ന് അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വിലയിരുത്തൽ. പന്മന കളരി വേലിയിൽ ഷിഹാബുദീന്റെ ഉടമസ്ഥതയിലുള്ള തട്ടാശേരി ജംഗ്ഷനിലെ തടിമില്ലാണ് കത്തി നശിച്ചത്.
തടിയും മെഷിനറികളും തീപിടിത്തത്തിൽ നശിച്ചു . വ്യാഴാഴ്ച്ച പുലർച്ചെ 2.20 ഓടെയായിരുന്നു സംഭവം. തടിമില്ലിലെ തൊഴിലാളി രവി ശബ്ദം കേട്ട് ഉണർന്നപ്പോൾ മില്ലിൽ തീപിടിക്കുന്ന കാഴ്ച്ചയാണ് കണ്ടത്.
ഇദ്ദേഹം ഉടൻ തന്നെ റോഡിൽ എത്തി അതുവഴി വന്ന മത്സ്യതൊഴിലാളികളോട് പറഞ്ഞു. തുടർന്ന് മത്സ്യതൊഴിലാളികൾ വിവരം ഹൈവേ പോലീസിലും അറിയിച്ചു.
പോലീസ് ഫയർഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്ന് ചവറ, കരുനാഗപ്പള്ളി, കൊല്ലം എന്നിവിടങ്ങളിൽ നിന്നും നാല് യൂണിറ്റ് ഫയർഫോഴ്സ് സംഘം എത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.