ന്യൂഡൽഹി: ഓസ്ട്രേലിയൻ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പുരുഷ നേഴ്സിനെ ഡൽഹിയിൽ നിന്ന് പിടികൂടി.
2018 മുതൽ ഒളിവിൽ കഴിയുന്ന രാജ്വിന്ദർ സിംഗ്(38) ആണ് പിടിയിലായത്. ഇയാളെപ്പറ്റിയുള്ള വിവരങ്ങൾ നൽകുന്നവർക്ക് ഒരു മില്യൺ ഓസ്ട്രേലിയൻ ഡോളർ ഇനാമായി നൽകുമെന്ന് ഓസീസ് സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ഫാർ നോർത്ത് ക്വീൻസ്ലാൻഡ് സ്വദേശിയായ ടോയ കോർഡിംഗ്ലി(24) എന്ന ഫാർമസിസ്റ്റിനെ കൊലപ്പെടുത്തിയത് സിംഗ് ആണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
2018 ഒക്ടോബർ 21-നാണ് പ്രഭാത സവാരിക്കിറങ്ങിയ കോർഡിംഗ്ലിയെ കെയ്ൺസ് മേഖലയിലെ ബീച്ചിൽ വച്ച് സിംഗ് കൊലപ്പെടുത്തിയത്.
ബീച്ചിൽ തന്നെ മൃതദേഹം കുഴിച്ചിട്ട സിംഗ്, ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിലേക്ക് കടന്നിരുന്നു.
പ്രതിക്കായി നടത്തിയ തെരച്ചിൽ ഫലപ്രദമാകാതെ വന്നതോടെയാണ് രാജ്യചരിത്രത്തിലെ ഏറ്റവും വലിയ ഇനാം തുക പ്രഖ്യാപിച്ചുള്ള തെരച്ചിൽ നോട്ടീസ് അധികൃതർ പുറപ്പെടുവിച്ചത്.
കൃത്യത്തിന് ശേഷം സിഡ്നി വിമാനത്താവളം വഴി കടന്ന സിംഗിന്റെ ദൃശ്യങ്ങൾ പോലീസ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
എന്നാൽ സിംഗിന് സംഭവത്തിൽ പങ്കില്ലെന്നും കൊലപാതകത്തിന് അടുത്തുള്ള ദിവസം അദേഹം രാജ്യം വിട്ടത് യാദൃശ്ചികമാണെന്നും കുടുംബം അറിയിച്ചു.