കൊച്ചി: പുതിയ ലോക്ഡൗണ് നിയന്ത്രണങ്ങള് മൂലം മില്മ പ്രതിസന്ധിയിലാണെന്നും മുന്കാലങ്ങളിലേതുപോലെ പാല് സംഭരണവും വിതരണവുമായി ബന്ധപ്പെട്ട് മില്മയെയും അതിന്റെ പ്രവര്ത്തനങ്ങളെയും നിയന്ത്രണങ്ങളില്നിന്ന് ഒഴിവാക്കണമെന്നും മില്മ എറണാകുളം മേഖലാ ചെയര്മാന് ജോണ് തെരുവത്ത് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഇതുമൂലമുള്ള പ്രതിസന്ധി കര്ഷകരെയും അനുബന്ധ മേഖലകളെ ആശ്രയിച്ചു ജീവിക്കുന്ന മുഴുവന് ആളുകളെയും ആശങ്കയിലാഴ്ത്തിയിരിക്കുന്നതിനാല് ഈ വിഷയത്തില് അടിയന്തിര ശ്രദ്ധ പതിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ക്ഷീര വികസന വകുപ്പ് ഡയറക്ടര്, മില്മ ചെയര്മാന്, മില്മ മാനേജിംഗ് ഡയറക്ടര് എന്നിവരോടും അദ്ദേഹം അഭ്യര്ത്ഥിച്ചു.
കഴിഞ്ഞ കാലങ്ങളില് സര്ക്കാര് ഏര്പ്പെടുത്തിയിരുന്ന കോവിഡ് സംബന്ധിച്ച നിയന്ത്രണങ്ങളില്നിന്നും മില്മയെയും ക്ഷീരമേഖലയിലെ മുഴുവന് പ്രവര്ത്തനങ്ങളെയും ആവശ്യസേവന വിഭാഗത്തില്പ്പെടുത്തി ഒഴിവാക്കിയിരുന്നു.
ഗ്രാമീണ സമ്പദ്വ്യവസ്ഥയില് ക്ഷീര മേഖല ചെലുത്തുന്ന സ്വാധീനം കണ്ടറിഞ്ഞു സര്ക്കാര് പ്രവര്ത്തിച്ചതുമൂലം ലക്ഷോപലക്ഷം വരുന്ന ക്ഷീര കര്ഷകര്ക്കും അനുബന്ധ മേഖലകളെ ആശ്രയിച്ചു ജീവിക്കുന്ന അനേകായിരങ്ങള്ക്കും ജീവസന്ധാരണം ബുദ്ധിമുട്ടുകൂടാതെ നിവൃത്തിക്കുവാന് കഴിഞ്ഞിട്ടുണ്ടെന്നു നിവേദനത്തില് ചൂണ്ടിക്കാട്ടി.
ട്രിപ്പിള് ലോക്ഡൗണ് നിയന്ത്രണങ്ങളില് മുന്കാലങ്ങളില്നിന്നു വ്യത്യസ്തമായി ക്ഷീര സംഘങ്ങളില് പാല് സംഭരിക്കുന്നതിനു സമയം ലഘൂകരിക്കുകയും സംഭരണത്തിന്റെ തുടര്പ്രവര്ത്തനങ്ങളായ സംസ്കരണം, വിതരണം തുടങ്ങിയവയ്ക്ക് പ്രായോഗികമല്ലാത്ത നിയന്ത്രണങ്ങള് ഏര്പ്പെടുത്തുകയും ചെയ്തിരിക്കുയാണ്.
കര്ഷകരില്നിന്നും സംഭരിക്കുന്ന പാല് ലക്ഷോപലക്ഷം വരുന്ന ഉപഭാക്താക്കള്ക്ക് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള് പാലിച്ച് അതതുദിവസം വിതരണം ചെയ്തെങ്കില്മാത്രമേ അടുത്തദിവസം കര്ഷകര് ഉത്പാദിപ്പിക്കുന്ന പാല് സംഭരിക്കുവാന് നിലവിലെ സംവിധാനങ്ങള്ക്ക് സാധിക്കുകയുള്ളു.
ഒന്നിടവിട്ട ദിവസങ്ങളില് മാത്രം വില്പനകേന്ദ്രങ്ങള് തുറക്കുക എന്നതടക്കം ഇപ്പോള് ഏര്പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള് മൂലം പാല് വില്പന പകുതിയാകുകയും, പാല് സംഭരണം സര്വകാല റിക്കാര്ഡുകളും ഭേദിച്ചുകൊണ്ട് കുതിച്ചുയരുകയും ചെയ്തിരിക്കുന്നു.
ഒരു ലിറ്ററിന് 7 രൂപ മുതല് 15 രൂപ വരെ നഷ്ടം സഹിച്ച് സംസ്ഥാനത്തിനകത്തും പുറത്തും അധികം വരുന്ന പാല് പൊടിയാക്കാനയയ്ക്കുന്നതിനും സാധിക്കാതായിരിക്കുകയാണ്. ഈ നില തുടര്ന്നാല് കര്ഷകര് ഉത്പാദിപ്പിക്കുന്ന മുഴുവന് പാലും സംഭരിക്കുവാന് മില്മയ്ക്കു കഴിയാതാകുന്ന സ്ഥിതി സംജാതമാകുമെന്നും അദ്ദേഹം പറഞ്ഞു.