അന്പലപ്പുഴ: പുന്നപ്ര മില്‍മ കാന്റീനിലെ ഭക്ഷണവിതരണത്തില്‍ വ്യാപക ആക്ഷേപം. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന ആക്ഷേപമാണ് ജീവനക്കാര്‍ക്കിടയിലുള്ളത്.
ഇതുസംബന്ധമായി അമ്പലപ്പുഴ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പലതവണ വിവരമറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെനാണ് ജീവനക്കാര്‍ പറയുന്നത്.
ഇവിടെനിന്നു കഴിഞ്ഞദിവസം വിതരണം ചെയ്ത സാമ്പാറില്‍ ചത്ത തവളയെ കണ്ടതോടെയാണ് വിവരം പുറം ലോകമറിയുന്നത്. ഉച്ചയ്ക്ക് ഊണിനോടൊപ്പം വിളമ്പിയ സാമ്പാറിലാണ് ചത്ത തവളയെ കണ്ടത്.
ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വന്നതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നത്. കന്റീനിലെ സാധനങ്ങളുടെ വില അനുസരിച്ചുള്ള നിലവാരം ഇല്ലെന്നുള്ള ആക്ഷേപവും ശക്തമാണ്.
വൃത്തിഹീനമായ സാഹചര്യത്തിലാണ് ആഹാരം പാകം ചെയ്യുന്നത്. ശക്തമായ മഴയില്‍ അടുക്കള വെള്ളത്തില്‍ മുങ്ങുമെന്നും ജീവനക്കാര്‍ പറയുന്നു.
സാമ്പാറില്‍ തവളയെ കണ്ടവിവരം ശ്രദ്ധയില്‍പ്പെട്ടിരുന്നതായി കാന്റീന്റെ ചുമതലയുള്ള മാനേജര്‍ ശ്യാമ പറഞ്ഞു. കാന്റീന് നടത്തിപ്പുകാരനില്നിന്നു വിവരങ്ങള്‍ ശേഖരിച്ചു.
ഒഴിച്ചുകറി വിളമ്പുന്ന പാത്രത്തിനുള്ളില്‍ എങ്ങനെയൊ കയറിക്കുടിയതാണ് തവള. ഇത് ശ്രദ്ധയില്‍പ്പെടാതെ അതിലേക്ക് ചൂട് സാമ്പാര്‍ ഒഴിച്ചതാകാമെന്നാണ് കാന്റീന് നടത്തിപ്പുകാരന് പറഞ്ഞതെന്നാണ് ശ്യാമ വെളിപ്പെടുത്തിയത്. കാന്റീന്റെ പ്രവര്‍ത്തനത്തില്‍ അധികൃതര്‍ തൃപ്തരല്ല. പുതിയ കരാര്‍ ക്ഷണിച്ചിട്ടുണ്ടെന്നും പറഞ്ഞു.